പേമ ഖണ്ഡുവിന് സസ്പെൻഷൻ; അരുണാചലിൽ പുതിയ മുഖ്യമന്ത്രി
text_fieldsഇറ്റാനഗർ: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം ഏഴു പേരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശ് (പി.പി.എ) പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു. പേമ ഖണ്ഡുവിനെ കൂടാതെ ഉപമുഖ്യമന്ത്രി ചൗന മേനെയും അഞ്ച് എം.എൽ.എമാരെയുമാണ് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്.
ജാംബേയ് ടാഷി, സി.ടി മെയിൻ, പി.ഡി സോന, സിഗ്നു നാംചൂം, കാംതഹലു മോസാങ് എന്നിവരാണ് പാർട്ടി നടപടിക്ക് വിധേയരായ എം.എൽ.എമാർ. ഇന്ന് ചേരുന്ന പാർട്ടി യോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പി.പി.എ അധ്യക്ഷൻ കഹ്ഫ ബെൻഗിയ അറിയിച്ചു. അതേസമയം, മുതിർന്ന നേതാവ് തകാം പാരിയോ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂലൈയിൽ വിമത നീക്കത്തിലൂടെ കോൺഗ്രസിലെ നബാം തുകിയെ അട്ടിമറിച്ചാണ് പേമ ഖണ്ഡു മുഖ്യമന്ത്രിയായത്. തുടർന്ന് സെപ്റ്റംബറിൽ പേമ ഖണ്ഡുവിന്‍റെ നേതൃത്വത്തിൽ 43 വിമത കോൺഗ്രസ് എം.എൽ.എമാർ പി.പി.എയിൽ ചേരുകയായിരുന്നു. ബി.ജെ.പിയും പി.പി.എയും ഉൾപ്പെടുന്ന നേർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യമാണ് അരുണാചലിൽ ഭരണത്തിലുള്ളത്.
നേരത്തെ ബി.ജി.പി പിന്തുണയോടെ മുഖ്യമന്ത്രിയായ കോൺഗ്രസ് വിമതൻ കലിഖോ പുൾ ആത്മഹത്യ ചെയ്തിരുന്നു. ഒരു വർഷത്തിനിടെ അരുണൽ പ്രദേശിൽ മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ ആളാണ് പേമ ഖണ്ഡു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.