അരുണാചല്‍: പെമ ഖണ്ഡുവിനെ മാറ്റുമെന്ന റിപ്പോര്‍ട്ട് തള്ളി ബി.ജെ.പി
text_fieldsഇട്ടനഗര്‍: അരുണാചലില്‍ നിലവിലെ മുഖ്യമന്ത്രി പെമ ഖണ്ഡുവിനെ മാറ്റുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബി.ജെ.പി. 60 അംഗ നിയമസഭയില്‍ ഖണ്ഡുവിന് 47 ബി.ജെ.പി എം.എല്‍.എമാരുടെയും രണ്ട് സ്വതന്ത്ര എം.എല്‍.എമാരുടെയും പൂര്‍ണപിന്തുണയുണ്ടെന്നും പാര്‍ട്ടി സംസ്ഥാനയൂനിറ്റ് ഖണ്ഡുവിന്‍െറ നേതൃത്വത്തിന് പിന്തുണയേകുമെന്നും ബി.ജെ.പി സംസ്ഥാനപ്രസിഡന്‍റ് തപിര്‍ ഗവോ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു അരുണാചലിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഒരു ദേശീയപത്രം വാര്‍ത്ത നല്‍കിയിരുന്നു. തപിര്‍ ഗവോയും സാധ്യതാപട്ടികയിലുണ്ടെന്നും പത്രം എഴുതി.
പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അമിത് ഷായുടെയും വടക്കു-കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള രാം മാധവിന്‍െറയും നേതൃത്വത്തില്‍ നടന്ന ദേശീയ എക്സിക്യൂട്ടിവ് അരുണാചലില്‍ ഖണ്ഡുവിന്‍െറ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഖണ്ഡു സര്‍ക്കാറിന് ബി.ജെ.പിയുടെ പൂര്‍ണപിന്തുണയുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതുവഴി അസ്വസ്ഥത വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ പങ്കാളിയാവരുതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.