സർക്കാറിന്‍റെ ദുഷ്പ്രവർത്തികൾക്ക് തലമുണ്ഡനം ചെയ്ത് 'പ്രായശ്ചിത്തം'; ത്രിപുരയിലെ ബി.ജെ.പി എം.എൽ.എ പാർട്ടിവിട്ടു
text_fieldsകൊൽക്കത്ത: ത്രിപുരയിലെ ബി.ജെ.പി സർക്കാരിന്‍റെ ദുഷ്പ്രവൃത്തികൾക്ക് 'പ്രായശ്ചിത്തം' എന്ന നിലയിൽ തലമുണ്ഡനം ചെയ്ത് സുർമ എം.എൽ.എ ആശിഷ് ദാസ് ബി.ജെ.പി വിട്ടു.
കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ അദ്ദേഹം ഒരു യജ്ഞവും നടത്തി. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്കരികിലുള്ള ക്ഷേത്രത്തിലെത്തി അദ്ദേഹം യജ്ഞം നടത്തിയത്.
ത്രിപുരയിൽ ബി.ജെ.പി രാഷ്ട്രീയ അരാജകത്വവും പ്രശ്നങ്ങളും വളർത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും അതിനാൽ പാർട്ടി വിടാൻ തീരുമാനിച്ചെന്നും പറഞ്ഞു. ദാസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.
സമീപകാലത്തായി മമത ബാനർജിയെ പുകഴ്ത്തിയ ദാസ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന്‍റെ കടുത്ത വിമർശകനുമായിരുന്നു.
നേരത്തെ ഭവാനിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ദാസ് മമതയെ പ്രശംസിച്ചിരുന്നു. പലരും മമതയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും അവർ ഒരു ബംഗാളിയായതിനാൽ ആ പദവിയിലേക്കുള്ള ഉയർച്ച വളരെ നിർണായകമാണെന്നുമായിരുന്നു ദാസ് പറഞ്ഞത്.
ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണെറിയുന്ന മമത 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ത്രിപുരയിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ചരടുവലികൾ നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി ബി.ജെ.പി, കോൺഗ്രസ് നേതാക്കളെയാണ് അടർത്തിയെടുത്ത് തൃണമൂലിലെത്തിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുമായി ദാസ് ചർച്ച നടത്തിയിരുന്നു. മഹാലയ ചടങ്ങിനിടെ ആശിഷ് ബി.ജെ.പി വിട്ട് തൃണമൂലിൽ ചേർന്നേക്കും.
കൊൽക്കത്തയിലെ ഓഫിസിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുമായി ആശിഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. 2023ലാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ ബിപ്ലബ് ദേബ് സർക്കാറിൽനിന്ന് ഭരണം പിടിക്കാനായി അഭിഷേക് ബാനർജിക്കാണ് ചുമതല.
ത്രിപുരയിൽ തൃണമൂൽ സാന്നിധ്യം അറിയിക്കുന്നതിന്‍റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി പദയാത്ര നടത്താൻ തീരുമാനിച്ചിരുന്നു. തൃണമൂലിന്‍റെ ബംഗാളിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ കൈവരിച്ച ആത്മവിശ്വാസമാണ് മറ്റിടങ്ങളിലേക്കും ചുവടുറപ്പിക്കാനുള്ള തൃണമൂലിന്‍റെ നീക്കത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.