10 വർഷം കഴിഞ്ഞിട്ടും അവശ പെൻഷൻ 300 രൂപയിൽ തന്നെ
text_fieldsന്യൂഡൽഹി: മുന്നൂറു രൂപ ചിലർക്ക് ഒരു സിനിമ ടിക്കറ്റായിരിക്കും, ചിലർക്കത് ഒരു കപ്പ് കപ്പുച്ചീനോയോ മറ്റു ചിലർക്ക് ഒരാഴ്ചത്തേക്കുള്ള പലചരക്ക് സാധനത്തിനുള്ള കാശുമായിരിക്കാം. എന്നാൽ, രാജ്യത്തെ ആയിരക്കണക്കിനാളുകൾക്ക് ഇത് ഒരു മാസത്തേക്കുള്ള പെൻഷൻ തുകയാണ്!
10 വർഷത്തിലേറെയായി രാജ്യത്തെ വാർധക്യ, വിധവ, അവശ പെൻഷൻ തുക 300 രൂപയായി തുടരുകയാണ്. ഇന്ദിര ഗാന്ധി ദേശീയ പെൻഷൻ പദ്ധതിയുടെ കീഴിലുള്ള ഈ പെൻഷനുകൾ 2012 വരെ 200 രൂപ ആയിരുന്നു. അതിനുശേഷമാണ് 100 രൂപ കൂടിയത്. ദുരിതത്തിൽ കഴിയുന്ന ഈ മൂന്ന് അവശ വിഭാഗങ്ങളും ഇനിയൊരു വർധന ഉടനുണ്ടാവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
ദാരിദ്ര്യരേഖക്കു താഴെയുള്ളവർക്കായി ദേശീയ സാമൂഹിക സഹായ പദ്ധതിയുടെ (എൻ.എസ്.എ.പി) കീഴിലാണ് വിവിധ പെൻഷനുകൾ നൽകിവരുന്നത്. നാമമാത്ര തുകയാണെങ്കിലും വർധിപ്പിച്ചുകിട്ടിയാൽ അത്രയെങ്കിലുമായി എന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കൾ.
തളർവാതം വന്ന് 10 വർഷമായി രോഗക്കിടക്കയിൽ കഴിയുന്ന, ഡൽഹി ജഹാംഗിർപുരിയിലെ 65കാരി ഹിരി ദേവിക്ക് മാസത്തിൽ 300 രൂപ അവശ പെൻഷൻ കിട്ടുന്നുണ്ട്. ഇത് ഒന്നിനും തികയാത്തതു കാരണം, എഴുപതിലെത്തിയ ഭർത്താവ് ജോലിക്ക് പോകാറുണ്ടെന്ന് ഹിരി ദേവി പറയുന്നു. ''ഈ പൈസകൊണ്ട് അഞ്ചു ദിവസത്തേക്കുള്ള റേഷൻ പോലും കിട്ടില്ല'' -അവർ കൂട്ടിച്ചേർത്തു. ചില സന്നദ്ധ സംഘടനകളിൽനിന്ന് ഇവർക്ക് സഹായം കിട്ടിയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് ഇതും മുടങ്ങി.
അതേസമയം, ഈ പെൻഷൻ പദ്ധതിയിൽ അടുത്ത കാലത്തൊന്നും വർധനക്കുള്ള നീക്കമില്ലെന്നാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു സന്നദ്ധ സംഘടനയുടെ, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഗ്രാമവികസന മന്ത്രാലയത്തിൽനിന്ന് ലഭിച്ച മറുപടി. അവശനായി കിടക്കുന്ന, മയൂർവിഹാറിലെ 72കാരനായ ലാലാറാമും പെൻഷനിൽ വർധന പ്രതീക്ഷിച്ചു കഴിയുകയാണ്. ഈ പെൻഷനടക്കം തങ്ങൾക്ക് ലഭിക്കുന്ന മാസവരുമാനമായ 2000 രൂപകൊണ്ട് അഞ്ചംഗ കുടുംബം കഴിഞ്ഞുപോകുന്നത് എങ്ങനെയെന്ന് തങ്ങൾക്കുപോലും അറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം പറഞ്ഞത്.
1000 രൂപക്കു താഴെ മാത്രം വരുന്ന, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവശ പെൻഷനുകൾ ആയിരങ്ങളിലേക്ക് വർധിപ്പിച്ചാൽ മാത്രമേ ദുരിതജീവിതം നയിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ കഴിയൂവെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.