അരുണാചൽ കൈയേറ്റം; ചൈനക്കു നൽകിയ ക്ലീൻചിറ്റ് മോദി പിൻവലിക്കണം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ചൈന ഇന്ത്യൻ ഭൂപ്രദേശം കൈയേറിയില്ലെന്ന് ക്ലീൻ ചിറ്റ് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ്. അരുണാചൽ പ്രദേശിൽ 4.5 കിലോമീറ്റർ ഉള്ളിലേക്കു കടന്ന് ചൈന ഗ്രാമം നിർമിച്ചുവെന്ന് യു.എസ് കോൺഗ്രസിന് പ്രതിരോധ സ്ഥാപനമായ പെന്റഗൺ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് രൂക്ഷവിമർശം നടത്തിയത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും ചൈനയുമായി 2020 ഏപ്രിലിൽ നിലവിലുണ്ടായിരുന്ന അതിർത്തി തൽസ്ഥിതി എന്നു പുനഃസ്ഥാപിക്കുമെന്നും സംബന്ധിച്ച് വിശദീകരിക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
യു.എസ് കോൺഗ്രസിനു നൽകുന്ന വാർഷിക റിപ്പോർട്ടിൽ ചൈനയുടെ കൈയേറ്റം സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെ നിർമിക്കപ്പെട്ട ഗ്രാമത്തിലുള്ളവർ അവശ്യഘട്ടത്തിൽ ഉപയോഗിക്കാവുന്ന സൈനികരാണെന്നും റിപ്പോർട്ട് പറയുന്നു. അരുണാചലിൽ ചൈന കൈയേറ്റം നടത്തിയതായി വിശദീകരിച്ച് സംസ്ഥാനത്തുനിന്നുള്ള പാർലമെന്റംഗം താപിർ ഗാഓ കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തു നൽകിയിരുന്നു.
എന്നാൽ കൈയേറ്റം നിഷേധിച്ച ഇരുവരും 17 മാസമായി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി. ''ഇത് ഇന്ത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ചൈന ഈ ക്ലീൻ ചിറ്റ് ലോകമെങ്ങും ഉപയോഗിക്കുകയാണിപ്പോൾ. ഇത് മറയാക്കി അരുണാചലിലും ലഡാക്കിലും മാത്രമല്ല, ഉത്തരാഖണ്ഡിൽ പോലും ഇന്ത്യൻ സജ്ജീകരണങ്ങൾ നശിപ്പിക്കുകയാണ് ചൈനീസ് സേന. ചൈന നമ്മുടെ ഭൂമി കൈയേറിയില്ലെന്ന് പറഞ്ഞ് നമ്മെ തെറ്റിദ്ധരിപ്പിച്ചതിന് സർക്കാർ മാപ്പു പറയണം.'' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.