ആളുകൾ പട്ടിണിയിൽ; എഫ്.സി.ഐ ഗോഡൗണുകളിൽ നശിക്കുന്നത് ടൺകണക്കിന് ഭക്ഷ്യധാന്യം
text_fieldsന്യൂഡൽഹി: ലോക്ഡൗൺ പ്രതിസന്ധിയിൽ അകപ്പെട്ട് രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിൽ നട്ടംതിരിയുേമ്പാൾ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.െഎ) ഗോഡൗണിൽ ടൺകണക്കിന് ഭക്ഷ്യധാന്യമാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. ഹരിയാനയിലെ നാഗുര, റോഹ്ത്തക്, ജിൻഡ് എന്നിവിടങ്ങളിലെ എഫ്.സി.ഐ ഗോഡൗണുകളിൽ മാത്രം ആയിരക്കണക്കിന് ടൺ ഭക്ഷ്യധാന്യം നശിച്ചതായി അധികൃതർതന്നെ വെളിെപ്പടുത്തിയിട്ടുണ്ട്. എന്നാൽ, 132 ലക്ഷം ടൺ സംഭരണ ശേഷിയുള്ള എഫ്.സി.ഐയുടെ വിവിധ ഗോഡൗണുകളിൽ ലക്ഷക്കണക്കിന് ഭക്ഷ്യധാന്യം നശിച്ചുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 90 ലക്ഷം ടൺ അധികമായി സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ടൺകണക്കിന് ഗോതമ്പാണ് തുറന്ന ഗോഡൗണിൽ സൂക്ഷിച്ചത്. എന്നാൽ, മിക്ക ഗോഡൗണുകളിലും മഴ നനഞ്ഞ് ഇവ നശിച്ചുപോയിട്ടുണ്ട്. കേന്ദ്ര നിർദേശം വന്നതിനുശേഷം തങ്ങളുടെ സംഭരണശേഷിയിൽ കവിഞ്ഞ അളവിൽ ഗോതമ്പ് സൂക്ഷിക്കേണ്ടി വന്നതിനാലാണ് ഇത്രയധികം ഭക്ഷ്യധാന്യം നശിച്ചതെന്ന് നാഗുരിയിലെ ഗോഡൗൺ ചുമതലയുള്ള അശോക് പറഞ്ഞു.
എഫ്.സി.ഐക്ക് വേണ്ടി ഗോതമ്പ് സംഭരിക്കുക മാത്രമാണ് തങ്ങളുടെ ചുമതല. എന്നാൽ, കൃത്യസമയത്ത് ഏറ്റെടുക്കാത്തതാണ് ഇത്രയും ഭക്ഷ്യധാന്യം നശിക്കാനുണ്ടായ കാരണമെന്നും ഇതു സംബന്ധിച്ച് വാർത്ത പുറത്തുകൊണ്ടുവന്ന സ്വകാര്യ ചാനലിനോട് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭക്ഷ്യയോഗ്യമല്ലാതാകുന്ന ധാന്യങ്ങൾ കുറഞ്ഞ വിലക്ക് മദ്യ ഉൽപാദനത്തിന് മറിച്ചുവിൽക്കുന്നതായും മദ്യ ലോബിയും എഫ്.സി.ഐ ഉദ്യോഗസ്ഥരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനുപിന്നിലെന്നും ഓൾ ഇന്ത്യ കിസാൻ കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് വി.എം. സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.