ബി.ജെ.പിയോടും മോദിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി- രാഹുൽ ഗാന്ധി
text_fieldsഡാലസ്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി. ജെ.പിയോടും ഉള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായെന്ന് കോൺഗ്രസ് എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യയിൽ ആരും ബി.ജെ.പിയെയോ പ്രധാനമന്ത്രിയെയോ ഭയപ്പെടുന്നില്ലെന്ന് ഞങ്ങൾ കണ്ടു. തെരഞ്ഞെടുപ്പ് ഫലം തന്‍റെയോ കോൺഗ്രസ് പാർട്ടിയുടെയോ വിജയമല്ലെന്നും ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ഇതാണ് പോരാട്ടം, ഇന്ത്യൻ പ്രധാനമന്ത്രി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ മനസിലാക്കിയപ്പോൾ തെരഞ്ഞെടുപ്പിൽ പോരാട്ടം ശക്തമായി'. അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങൾ നിറക്കാനാണ് താൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജാതി, മതം, ഭാഷ, പാരമ്പര്യം എന്നിവ പരിഗണിക്കാതെ എല്ലാ വിഭാഗം ആളുകളുടെ പങ്കാളിത്തം ഇന്ത്യയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങൾ നിലകൊണ്ടു. മാതൃസംഘടനയായ ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും രാഹുൽ ഗാന്ധി പരാമർശിച്ചു. ഇന്ത്യ ഒരു ആശയമാണെന്ന് ആർ.എസ്.എസ് വിശ്വസിക്കുന്നു. ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.- രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.