പൊതുജനം നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് -ജഡ്ജിമാരോട് നിയമ മന്ത്രി
text_fieldsന്യൂഡൽഹി: ജഡ്ജിമാരെ പൊതുജനം നിരന്തരം നിരീക്ഷിക്കുകയും അവർ നീതി നൽകുന്ന രീതി നോക്കി വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് നിയമമന്ത്രി കിരൺ റിജിജു. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള വടംവലിക്കിടെ തീസ്ഹസാരി കോടതി സമുച്ചയത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം.
സമൂഹമാധ്യമങ്ങളിലൂടെ പൊതുജനം സർക്കാറിനെ നിരന്തരം ആക്രമിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നു. അവർ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്താൽ ഞങ്ങൾ അധികാരത്തിലെത്തും. ഇല്ലെങ്കിൽ പ്രതിപക്ഷത്തിരുന്ന് സർക്കാറിനെ വിമർശിക്കും. അതേസമയം, ഒരാൾ ജഡ്ജിയായാൽ പിന്നെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതില്ല. അവർ ജനഹിതം തേടേണ്ടതില്ല. ആളുകൾ തെരഞ്ഞെടുക്കാത്തതിനാൽ അവർക്ക് നിങ്ങളെ മാറ്റാൻ കഴിയില്ല. എന്നാൽ, അവർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ വിധിന്യായങ്ങൾ, വിധി പ്രസ്താവിക്കുന്ന രീതി എല്ലാം അവർ വിലയിരുത്തുകയും അഭിപ്രായം രൂപവത്കരിക്കുകയും ചെയ്യുന്നുണ്ട് -മന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ കാലത്ത് ഒന്നും മറച്ചുവെക്കാനാവില്ല. സമൂഹമാധ്യമങ്ങളിൽ ജഡ്ജിമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ എന്തെങ്കിലും ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് അഭ്യർഥിച്ചതായും റിജിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.