ഈ കുഞ്ഞുമോളുടെ ഒറ്റഡോസ് മരുന്നിന് വില 16 കോടി; അത് പിരിച്ചെടുത്ത് സ്നേഹനിധികൾ- ഇനിയവൾക്ക് തിരികെയെത്തണം
text_fields
ന്യുഡൽഹി: ജനിതക പ്രശ്നം ജീവൻ അപകടത്തിലാക്കിയ പിഞ്ചുകുഞ്ഞിന്‍റെ ചികിത്സക്ക് 16 കോടി സംഘടിപ്പിച്ച് സുമനസ്സുകൾ. മുംബൈ സ്വദേശിയായ ധൈര്യരാജ്സിൻഹ് റാത്തോഡ് എന്ന കുഞ്ഞിനാണ് സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് ഒന്ന് എന്ന അസുഖം ചെറുപ്പത്തിലേ തിരിച്ചറിഞ്ഞത്. രണ്ടു വയസ്സിൽ കൂടുതൽ ജീവിക്കാൻ കുഞ്ഞിനാകില്ലെന്നും ഇനി ശ്രമിക്കണമെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നുമായിരുന്നു ഡോക്ടറുടെ മുന്നറിയിപ്പ്.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 'സോൾജെൻസ്മ' എന്ന മരുന്ന് ഇറക്കുമതി ചെയ്യണം. ഒറ്റ ഡോസിന് 16 കോടിയാണ് വില.
ഉള്ളതെല്ലാം പെറുക്കിവിറ്റാലും തുക തികയില്ലെന്നറിഞ്ഞ് വേദനിച്ചവർക്കു മുന്നിലാണ് മനുഷ്യത്വത്തിന്‍റെ മഹാവാതിൽ മലർക്കെ തുറന്നത്.
42 ദിവസം കൊണ്ട് 2.6 ലക്ഷം പേർ സഹായിച്ച് 16 കോടി കണ്ടെത്തി. തുക ആയതോടെ ഒറ്റ ഡോസ് കുത്തിവെക്കുകയും ചെയ്തു. ഇപ്പോൾ പേരുപോലെ അവൾ ധൈര്യയായിരിക്കുന്നു.
വലിയ പേരും വിലാസങ്ങളുമുള്ളവർക്കും പകരം സഹായവുമായി എത്തിയവരിലേറെയും സാധാരണക്കാരായിരുന്നുവെന്നും തുക നൽകിയവരുടെ എണ്ണം അതാണ് സൂചിപ്പിക്കുന്നതെന്നും പിതാവ് പറഞ്ഞു.
അമേരിക്കയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ അവെക്സിസ് ആണ് മരുന്ന് വികസിപ്പിച്ചത്. കമ്പനി പിന്നീട് മരുന്ന് ഭീമനായ നൊവാർട്ടിസ് വാങ്ങി. 2019ലാണ് ആദ്യമായി 'സോൾജെൻസ്മ' ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നത്. അമേരിക്കക്കു പിറെക ഈ വർഷം ബ്രിട്ടനും അനുമതി നൽകിയിട്ടുണ്ട്.
ഒറ്റ ഡോസ് നൽകുന്നതോടെ ശരീരത്തിൽ ഇല്ലാത്ത എസ്.എം.എൻ1 എന്ന ജീൻ ഉൽപാദിപ്പിക്കാനും അതുവഴി കുഞ്ഞുങ്ങളിൽ ചലനശേഷി ഉണർത്താനും സാധിക്കുമെന്നാണ് കണ്ടെത്തൽ. കുഞ്ഞിന്‍റെ ഭാരം കണക്കാക്കിയാണ് ഡോസ് കണക്കാക്കുന്നത്. മരുന്ന് ഒരു ഡോസ് നൽകുന്നതോടെ തന്നെ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനും ഇരിക്കാനും ഇഴഞ്ഞുനടക്കാനും കുറെക്കൂടി വളർച്ചയുള്ളവരെങ്കിൽ നടക്കാനും സാധ്യമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.