ബി.ജെ.പിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ജനം മടുത്തു -അശോക് ഗെഹ്ലോട്
text_fieldsഭോപ്പാൽ: ബി.ജെ.പിയുടെ തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ രാജ്യത്തെ ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ജനങ്ങൾക്ക് ആവേശമില്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായതിന് കാരണമിതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"രാജ്യത്തിന്റെ മൊത്തത്തിലുള്ള മാനസികാവസ്ഥ ബി.ജെ.പിയുടെ വ്യാജ വാഗ്ദാനങ്ങളിൽ മടുത്തു എന്നതാണ്. ജനങ്ങൾ ഇൻഡ്യ സഖ്യത്തിലേക്ക് അടുക്കുന്നു.ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങൾ ആവേശം കാണിക്കാത്തതാണ് വോട്ടിങ് ശതമാനം കുറയാനുള്ള പ്രധാന കാരണം. സ്ഥാനാർഥിയുടേതല്ല, അവർ പ്രധാനമന്ത്രി മോദിയുടെ പേരിൽ മാത്രമാണ് വോട്ട് ചോദിക്കുന്നത്" -ഗെഹ്ലോട് പറഞ്ഞു.
കോൺഗ്രസ് കെട്ടുതാലി വരെ തട്ടിയെടുക്കുമെന്ന അടിസ്ഥാനരഹിതമായ പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തുന്നുണ്ടെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് ഓടി പോകുകയാണ് എന്ന മോദിയുടെ പരിഹാസത്തിന് മറുപടിയായി ഗുജറാത്തിൽ നിന്ന് വരണാസിയിലേക്ക് ഓടിയതല്ലേ മോദി എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.