2014ന് ശേഷമാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്നവർക്ക് ചരിത്രമറിയില്ല; ബി.ജെ.പിക്ക് മറുപടിയുമായി റാവത്ത്
text_fieldsഅയോധ്യ: രാമക്ഷേത്ര നിർമാണത്തിൽ ശിവസേനയുടെ പങ്കെന്താണെന്ന ബി.ജെ.പിയുടെ ചോദ്യത്തിന് മറുപടിയുമായി സഞ്ജയ് റാവത്ത് എം.പി. 2014ന് ശേഷമാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്നവർക്ക് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചരിത്രമറിയില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
രാമക്ഷേത്രം രാഷ്ട്രീയവിഷയമല്ല. അത് വിശ്വാസത്തിന്റേയും അസ്തിത്വത്തിന്റേയും പ്രശ്നമാണ്. ആയിരക്കണക്കിന് പേരാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിനിടെ രക്തസാക്ഷികളായത്. 2014ന് ശേഷമാണ് ഇന്ത്യയുണ്ടായതെന്ന് കരുതുന്നവർക്ക് ഇതൊന്നുമറിയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലോ മറ്റ് പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളിലോ അവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അവർക്ക് രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ പോരാട്ടത്തെ കുറിച്ച് അറിയില്ല. രാമക്ഷേത്രത്തിന് വേണ്ടി പോരാടിയതും ഒടുവിൽ അത് യാഥാർഥ്യമാക്കാൻ പ്രയത്നിച്ചതും തങ്ങളാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുമ്പോൾ ഇപ്പോൾ പോരാളികളെന്ന് അവകാശപ്പെടുന്നവർ ഓടി ഒളിക്കുകയായിരുന്നു ചെയ്തത്. ബാബസാഹേബ് താക്കറെയാണ് രാമക്ഷേത്രം യാഥാർഥ്യമാക്കാനായി മുന്നോട്ട് വന്നത്. രാമജന്മഭൂമിക്ക് വേണ്ടി ശിവസേനക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് ശിവസൈനികനെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി, ബാലസാഹേബ് താക്കറെ മുൻ വി.എച്ച്.പി പ്രസിഡന്റ് അശോക് സിങ്ങാൾ, ഉമാഭാരതി, വിനയ് കത്യാർ തുടങ്ങിയവരാണ് രാമക്ഷേത്രത്തിന് വേണ്ടി പ്രവർത്തിച്ചത്. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ശിവസേനക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.