മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡല്ല, പഞ്ചാബിലെ ജനങ്ങളെന്ന് സിദ്ദു
text_fieldsഅമൃത്സർ: പഞ്ചാബിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡ് അല്ല ജനങ്ങളാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഹൈക്കമാൻഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോൺഗ്രസ് നേതാവ് സുനിൽ ജാഗ്ഗറിന്‍റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു സിദ്ദു.
'ആരാണ് അടുത്ത മുഖ്യമന്ത്രിയെന്ന് പഞ്ചാബിലെ ജനങ്ങൾ തീരുമാനിക്കും. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് നിങ്ങളോട് ആരുപറഞ്ഞു?' -സിദ്ദു ചോദിച്ചു.
ഏത് പാർട്ടിയിൽനിന്നാണ് മത്സരിക്കുകയെന്ന ചോദ്യത്തിന് 'പഞ്ചാബ് ആരുടെയും സ്വകാര്യസ്വത്തല്ല. പഞ്ചാബിൽനിന്നുതന്നെ മത്സരിക്കും' എന്നായിരുന്നു സിദ്ദുവിന്‍റെ മറുപടി. ഛണ്ഡീഗഡിൽ വാർത്താസമ്മേളനത്തിനിടെ 'പഞ്ചാബ് മോഡലി'നെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ദു. ബാനറിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെയോ മറ്റു കോൺഗ്രസ് നേതാക്കളുടെയോ ചിത്രങ്ങളുണ്ടായിരുന്നില്ല.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അസ്വരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. അടുത്തിടെ സിദ്ദുവും മറ്റു കോൺഗ്രസ് നേതാക്കളും തമ്മിലുള്ള പടലപിണക്കങ്ങൾ ചർച്ചയാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.