വിലക്കയറ്റത്താൽ ജനങ്ങൾ പൊറുതിമുട്ടുന്നു, സർക്കാർ കുംഭകർണനെപ്പോലെ ഉറങ്ങുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ കുംഭകർണനെപ്പോലെ ഉറങ്ങുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ ഗിരി നഗറിലെ ഒരു പച്ചക്കറി മാർക്കറ്റ് സന്ദർശിച്ചതിന്റെയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെത്തുടർന്ന് തങ്ങൾ നേരിട്ട ദുരിതം വിവരിച്ച വീട്ടമ്മമാരുമായുള്ള ആശയവിനിമയത്തിന്റെയും വിഡിയോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ടുകൊണ്ടാണ് രാഹുൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെ വിമർശിച്ചത്.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഒരു പ്രാദേശിക പച്ചക്കറി മാർക്കറ്റിൽ പോയി. വിലക്കയറ്റം സാധാരണക്കാരുടെ ബജറ്റ് എങ്ങനെ താളംതെറ്റിക്കുന്നുവെന്നും പണപ്പെരുപ്പം എല്ലാവരേയും എങ്ങനെ വിഷമിപ്പിച്ചുവെന്നും അറിയാൻ ഞാൻ കച്ചവടക്കാരോട് സംസാരിച്ചു’ -എക്സിലെ പോസ്റ്റിൽ രാഹുൽ പറഞ്ഞു.
ജനങ്ങൾ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുകയാണ്. ദൈനംദിന ആവശ്യങ്ങളുടെ കാര്യങ്ങളിൽപോലും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാകുന്നു.വെളുത്തുള്ളി, കടല, കൂൺ, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ജനങ്ങളുടെ യഥാർത്ഥ അനുഭവങ്ങൾ ഞങ്ങൾ കേട്ടു. കിലോക്ക് 400 രൂപക്ക് വെളുത്തുള്ളിയും 120 രൂപക്ക് പയറും എങ്ങനെ എല്ലാവരുടെയും ബജറ്റിനെ ഇളക്കിമറിച്ചുവെന്നതടക്കം. ഇങ്ങനെ ആയാൽ ആളുകൾ എന്ത് ഭക്ഷിക്കും? എന്ത് ലാഭിക്കും? എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.
ചായകുടിച്ച് സംസാരിക്കുമ്പോൾ വീട്ടമ്മമാരുടെ ജീവിതപ്രശ്നങ്ങൾ നന്നായി മനസ്സിലാക്കി. വരുമാനം എങ്ങനെ മുരടിപ്പായി? സമ്പാദ്യം എങ്ങനെ അസാധ്യമായിത്തീർന്നു? ഭക്ഷണച്ചെലവ് മാത്രം മതി. 10 രൂപ റിക്ഷാ നിരക്ക് പോലും ക്രമീകരിക്കുന്നത് എങ്ങനെ ബുദ്ധിമുട്ടായിത്തീർന്നു?
പണപ്പെരുപ്പം അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരുന്നു. പണപ്പെരുപ്പത്തിന്റെ ഫലം അനുഭവിക്കുന്നുണ്ടെങ്കിൽ ആ അനുഭവങ്ങൾ തന്നോട് പങ്കിടാൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു. നിങ്ങൾ ഈ പ്രശ്‌നത്തോട് എങ്ങനെ പോരാടുന്നുവെന്ന് ഞങ്ങളോട് പറയുക. നിങ്ങൾക്ക് വിപണിയുടെ അവസ്ഥ അറിയാം. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ ഞങ്ങളുമായി പങ്കിടുക -അദ്ദേഹം പറഞ്ഞു.വെളുത്തുള്ളി ഒരുകാലത്ത് കിലോക്ക് 40 രൂപയായിരുന്നു. ഇന്ന് അത് 400 രൂപയായി!' വർധിച്ചുവരുന്ന പണപ്പെരുപ്പം സാധാരണക്കാരന്റെ അടുക്കളയുടെ ബജറ്റ് തകർത്തു. സർക്കാർ കുംഭകർണനെപ്പോലെ ഉറങ്ങുകയാണ്!
അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ചില വീട്ടമ്മമാർ പച്ചക്കറികൾ വാങ്ങുകയും കച്ചവടക്കാരുമായി വിലപേശുകയും ചെയ്യുന്ന രാഹുലിനെ അനുഗമിക്കുന്നതായി കാണാം. നേരത്തെ ഉപയോഗിച്ചിരുന്ന പച്ചക്കറികൾ വാങ്ങാൻ കഴിയാത്തതിനാൽ ഭക്ഷണശീലം വെട്ടിച്ചുരുക്കേണ്ടി വരുന്നുവെന്ന് വീട്ടമ്മമാർ അദ്ദേഹത്തോടു പറഞ്ഞു. കൂലി മുരടിപ്പ് തുടരുമ്പോൾ വില കുത്തനെ ഉയർന്നതായും അവർ പറയുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിൻ എത്തിയിട്ടില്ല, എന്നാൽ ബുള്ളറ്റ് ട്രെയിനിന്റെ വേഗതയേക്കാൾ കുതിക്കുന്ന പണപ്പെരുപ്പം ജനങ്ങളുടെ നട്ടെല്ല് തകർത്തു. ‘ജുംലബാസി’ (വാചാടോപം) അല്ല, കൂടുതൽ ഉത്തരങ്ങളാണ് ജനങ്ങൾക്ക് വേണ്ടതെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർധിച്ചുവരികയാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ മൈദ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ വില ഒന്നര മുതൽ രണ്ട് മടങ്ങ് വരെ വർധിച്ചുവെന്നും അദ്ദേഹം ഒരു മാധ്യമ റിപ്പോർട്ട് പങ്കുവെച്ച് അദ്ദേഹം ‘എക്സിൽ’ ആഞ്ഞടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.