നോട്ട് അസാധുവാക്കൽ: മോദിയെ വിമര്‍ശിച്ച് സഖ്യകക്ഷികള്‍; തീരുമാനം പിന്‍വലിക്കില്ലെന്ന് മോദി
text_fieldsന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതു വഴി വിവിധ മേഖലകള്‍ നേരിടുന്ന സ്തംഭനാവസ്ഥക്ക് ഒരാഴ്ച കഴിഞ്ഞിട്ടും അയവുവന്നില്ല. പണഞെരുക്കം മൂലം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ തുടരുന്നതിനിടയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില്ലറ ആശ്വാസ നടപടികള്‍ക്കും ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കാനായില്ല. അതേസമയം, നോട്ട് അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
മുന്തിയ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോഷം ഉയരുന്നതിനിടയില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ യോജിച്ച നീക്കത്തിലാണ്. ഭരണമുന്നണിയായ എന്‍.ഡി.എയിലെ ഭിന്നത പുറത്തുവന്നു. സര്‍ക്കാര്‍ നീക്കത്തെ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍, ശിവസേന എന്നിവ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വൈകാരിക പ്രസംഗത്തിന് ശേഷമാണിത്. വേണ്ടത്ര മുന്നൊരുക്കം ധനമന്ത്രാലയം നടത്തിയില്ളെന്ന് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. തീരുമാനമെടുത്തതില്‍ വന്ന ഈ വീഴ്ചക്ക് ഒഴികഴിവ് പറയാനാവില്ല. രാജ്യത്ത് സാമ്പത്തിക അരാജകത്വം ഉണ്ടാക്കിയ അശാസ്ത്രീയ തീരുമാനമാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ശിവസേന കുറ്റപ്പെടുത്തി. ബുധനാഴ്ച തുടങ്ങുന്ന ശീതകാല പാര്‍ലമെന്‍റ് സമ്മേളനം ആദ്യദിവസം തന്നെ കലങ്ങുമെന്ന് ഉറപ്പായി. പുതിയ നോട്ടുകള്‍ ലഭ്യമാക്കി സാധാരണനില ഉറപ്പാക്കാന്‍ കഴിയുന്നതുവരെ അസാധുവാക്കല്‍ തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസം പ്രതിപക്ഷം രാഷ്ട്രപതിയെ കാണും.
ശനിയും ഞായറും തുറന്നുവെക്കേണ്ടിവന്ന ബാങ്കുകള്‍ക്ക് കേരളത്തില്‍നിന്ന് വ്യത്യസ്തമായി ഡല്‍ഹിയിലും മറ്റും ഗുരുനാനാക് ജയന്തി കാരണം തിങ്കളാഴ്ച അവധിയായിരുന്നു. ഇതാകട്ടെ, പണം ലഭ്യമാക്കിയ ഏതാനും എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂവിന്‍െറ നീളം കൂട്ടി. പലേടത്തും കശപിശയുണ്ടായി. 500 രൂപ നോട്ട് വിതരണം തുടങ്ങിയതായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നാമമാത്രമാണ്. ഡല്‍ഹിയില്‍ ജനം അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്.
ബാങ്ക്, എ.ടി.എം എന്നിവയില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താന്‍ ഞായറാഴ്ച ധനമന്ത്രി വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് ഞായറാഴ്ച അര്‍ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വസതിയില്‍ മുതിര്‍ന്ന മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത ഈ യോഗത്തിലാണ് പുതിയ ചില ആശ്വാസ നടപടികള്‍ കൂടി തീരുമാനിച്ചത്. പെട്രോള്‍ പമ്പിലും പാല്‍ ബൂത്തിലുമടക്കം അവശ്യ കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ അടുത്ത 10 ദിവസം കൂടി സ്വീകരിക്കാന്‍ ഈ യോഗം എടുത്ത തീരുമാനം സര്‍ക്കാര്‍ പരോക്ഷമായി വീഴ്ച വീണ്ടും തുറന്നു സമ്മതിക്കുന്നതായി. ആദ്യം മൂന്നു ദിവസത്തെ ഇളവു മാത്രമാണ് അനുവദിച്ചിരുന്നത്. അസാധു നോട്ടിന്‍െറ ഉപയോഗ കാലാവധി വീണ്ടും നീട്ടുന്നത് രണ്ടാം തവണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.