മുണ്ടും തൊപ്പിയും ധരിക്കുന്നവർ ക്രിമിനലുകളല്ല; യു.പി മന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: മുണ്ടും തൊപ്പിയും ധരിക്കുന്നവർ ഗുണ്ടകളാണെന്ന ഉത്തർപ്രദേശ് ബി.ജെ.പി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ 'ലുങ്കി ചാപ്പ് ഗുണ്ടകൾ' എന്ന പരാമർശത്തെ വിമർശിച്ചാണ് കോൺഗ്രസ് നേതാവ് റാഷിദ് അൽവി രംഗത്തെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഹിന്ദു ജനസംഖ്യയുടെ പകുതിയും ലുങ്കി ധരിക്കുന്നുവെന്നും ലുങ്കി ധരിക്കുന്നവരെല്ലാം കുറ്റവാളികളാണെന്നാണോ മൗര്യയുടെ പ്രസ്താവനയുടെ അർത്ഥമെന്നും അൽവി ചോദിച്ചു. പ്രയാഗ്‌രാജിൽ നടന്ന വ്യാപാരി സമ്മേളനത്തിലാണ് മൗര്യ വിവാദ പരാമർശം നടത്തിയത്. '2017ന് മുമ്പ് എത്ര ലുങ്കി ധരിച്ച ഗുണ്ടകൾ ഇവിടെ കറങ്ങിനടന്നിരുന്നു. ആരാണ് തലയിൽ തൊപ്പി ധരിച്ച് തോക്കുകളുമായി വ്യാപാരികളെ ഭീഷണിപ്പെടുത്തിയിരുന്നത്? ആരാണ് നിങ്ങളുടെ ഭൂമി കൈയേറി ഭീഷണിപ്പെടുത്തിയിരുന്നത്?-മൗര്യ പ്രസംഗത്തിൽ പറഞ്ഞു.
ഇതിനെതിരെയാണ് ആൽവിയുടെ പരാമർശം. ഉത്തർപ്രദേശിലെ മുൻ സർക്കാരുകളുടെ ക്രമസമാധാന നിലയിലെ പോരായ്മ ചൂണ്ടിക്കാണിക്കാനാണ് മൗര്യ ഇത് പറഞ്ഞത്. 2017ന് ശേഷം സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ രൂപീകരിച്ചതിന് ശേഷം ഇത്തരം 'കുറ്റവാളികളെ' കണ്ടിട്ടില്ലെന്നും മൗര്യ പറഞ്ഞിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന് ആൽവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.