'കോവിഡ് ബാധിച്ച് മരിക്കുന്നവർ ജീവിക്കാൻ യോഗ്യരല്ലാത്തവർ'; സംഘ്പരിവാർ നേതാവിന്‍റെ പ്രസ്താവന വിവാദത്തിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ടവരെ അപഹസിച്ച് സംഘ്പരിവാർ നേതാവും ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്താൻ ഹിന്ദുസ്ഥാൻ പ്രസ്ഥാനത്തിന്‍റെ തലവനുമായ സംഭാജി ഭിദെ. 'കോവിഡ് ബാധിച്ച് മരിക്കുന്നവർ ജീവിക്കാൻ യോഗ്യരല്ലാത്തവരെ'ന്നാണ് സംഭാജി ഭിദെ അപഹസിച്ചത്. സംസ്ഥാനത്തെ കോവിഡ് നിരക്ക് വർധനവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.
''മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. എന്നാൽ, കൊറോണ ഒരു രോഗമല്ല, അതൊരു മാനസിക രോഗമാണ്. ജീവിക്കാൻ യോഗ്യതയില്ലാത്തവരാണ് കൊറോണ ബാധിച്ച് മരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വിഡ്ഢിത്തരമാണ്'' -സംഭാജി ഭിദെ പറഞ്ഞു.
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം നിയന്ത്രണംവിട്ട അവസരത്തിലുള്ള സംഭാജി ഭിദെയുടെ പ്രസ്താവന പുതിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. ബുധനാഴ്ചത്തെ കണക്ക് പ്രകാരം 59,907 പേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാപനം തടയാനായി ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ സംവിധാനം സ്വീകരിക്കുന്നത്.
2018 ഡിസംബർ ഒന്നിലെ ഭീമാ കൊറേഗാവ് ദിനത്തിൽ അക്രമം നടത്തിയ കേസിൽ പ്രതിയായ സംഭാജി ഭിദെ, മഹാരാഷ്ട്രയില്‍ സംവരണ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കള്‍ ആദരിക്കുന്ന നേതാവായ സംഭാജി, മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകൾ വിവാദത്തിൽ കലാശിച്ചിരുന്നു.
മതേതരത്വം രാജ്യത്തെ തകര്‍ക്കുമെന്നും രാജ്യം മുഴുവന്‍ ഹിന്ദു സംസ്‌കാരം സ്വീകരിക്കണമെന്നും സംഭാജി ആഹ്വാനം ചെയ്തിരുന്നു. യു.എസിന്‍റെ ചാന്ദ്രദൗത്യം വിജയകരമായത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാലെന്നാണ് 2019 സെപ്റ്റംബറിൽ പറഞ്ഞത്. തന്‍റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായി സംഭാജി നേരത്തെ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.