ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും; ജമ്മു-കശ്മീരിൽ എൻ.സി-കോൺഗ്രസ് സഖ്യം -എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
text_fieldsചണ്ഡീഗഢ്: ഹരിയാനയിലെയും ജമ്മുകശ്മീരിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ്എക്സിറ്റ് പോൾ ഫലങ്ങൾ. കോൺഗ്രസിന് 50 സീറ്റ് ലഭിക്കുമെന്നാണ് പീപ്ൾസ് പൾസിന്റെ പ്രവചനം. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഹാട്രിക് ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നുമാണ് പീപ്ൾസ് പൾസിന്റെ വിശകലനം.
ന്യൂസ് 18 കോൺഗ്രസിന് 62 സീറ്റുകളും ബി.ജെ.പിക്ക് 24 സീറ്റുകളുമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടി.വിയുടെ എക്സിറ്റ് പോൾ ഫലം അനുസരിച്ച് കോൺഗ്രസിന് 55മുതൽ 62 സീറ്റുകളും ബി.ജെ.പിക്ക് 18 മുതൽ 24 സീറ്റുകളും ലഭിക്കുമെന്നാണ്. കോൺഗ്രസ് 44 മുതൽ 54 വരെ സീറ്റുകൾ നേടുമെന്നാണ് ദൈനിക് ഭാസ്കറിന്റെ വിലയിരുത്തൽ. ബി.ജെ.പി 15 മുതൽ 29 വരെ സീറ്റുകൾ നേടുമെന്നും ഏജൻസി വിലയിരുത്തുന്നു.
സംസ്ഥാനത്ത് 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സർക്കാർ രൂപവത്കരിച്ചു. ഇത്തവണ മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ നായബ് സിങ് സെയ്നിയാണ് ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.
അധികാരം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ പോരാട്ടം. എന്നാൽ പ്രചാരണത്തിനിടെ ഒരിക്കൽ പോലും കോൺഗ്രസ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് ഇക്കുറി കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമാണ്. കർഷകരുടെ പ്രതിഷേധം തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന വിഷയം. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന നിലപാടും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഹരിയാന എക്സിറ്റ് പോൾ ഫലം
*പീപ്ൾസ് പൾസ്*
കോൺഗ്രസ് - 49-61
ബി.ജെ.പി - 20-32
ജെ.ജെ.പി - 0
മറ്റുള്ളവർ - 3-5
*ദൈനിക് ഭാസ്കർ*
കോൺഗ്രസ് - 44-54
ബി.ജെ.പി - 15-29
ജെ.ജെ.പി - 0-1
മറ്റുള്ളവർ - 4-9
*ധ്രുവ് റിസർച്ച്*
കോൺഗ്രസ് - 50-64
ബി.ജെ.പി - 22-32
ജെ.ജെ.പി - 1
മറ്റുള്ളവർ - 2-8
*റിപ്ലബ്ലിക് ഭാരത്*
കോണ്‍ഗ്രസ് - 55-62
ബി.ജെ.പി - 18-24
ജെ.ജെ.പി - 0-3
മറ്റുള്ളവര്‍ - 3-6
ജമ്മു-കശ്മീരിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ജമ്മുകശ്മീർ നാഷനൽ കോൺഫറൻസ് 33 മുതൽ 35 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് പ്രവചനം. ബി.ജെ.പിക്ക് 23 മുതൽ 27 വരെ സീറ്റുകൾ ലഭിക്കും.
ഇൻഡ്യ സഖ്യത്തിന് 13 മുതൽ 15 സീറ്റുകൾ വരെയാണ് പീപ്ൾസ് പൾസ് പ്രവചിക്കുന്നത്. പി.ഡി.പിക്ക് ഏഴു മുതൽ 11 വരെയും മറ്റുള്ളവർ നാലു മുതൽ അഞ്ചുവരെ സീറ്റുകളും നേടുമെന്നും പറയുന്നു. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുമെന്നാണ് പ്രവചനം.
ജമ്മുകശ്മീർ എക്സിറ്റ് പോൾ ഫലം
*പീപ്ൾസ് പൾസ്*
ജെ.കെ. എൻ.സി- 33-35
ബി.ജെ.പി - 23-27
ഐ.എൻ.സി -13-15
പി.ഡി.പി - 7 -11
മറ്റുള്ളവർ- ^6-5
*ഇന്ത്യാടുഡേ -സി വോട്ടർ*
എൻ.സി- കോൺഗ്രസ് - 40-48
ബി.ജെ.പി. - 27 -32
പി.ഡി.പി - 6 -12
മറ്റുള്ളവർ- ^6-11
*ദൈനിക് ഭാസ്കർ*
എൻ.സി- കോൺഗ്രസ് - 35-40
ബി.ജെ.പി. - 20 -25
പി.ഡി.പി - 4 -7
മറ്റുള്ളവർ- ^12-18
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.