ഇതാണ് ഏറ്റവും അനുയോജ്യം; കെജ്രിവാളിന് മറുപടിയുമായി ട്വിറ്ററിൽ ശിവജിയുടെ ചിത്രം പതിച്ച 200 രൂപയുമായി ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഡോളറിനെതിരായ രൂപയുടെ മൂല്യം പിടിച്ചുനിർത്താനും ഇന്ത്യൻ കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പരാമർശം വിവാദമായിരുന്നു. കെജ്രിവാളിന് മറുപടിയുമായി മറാത്ത നേതാവ് ഛത്രപതി ശിവജിയുടെ ഫോട്ടോ പതിച്ച ഫോട്ടോഷോപ് ചിത്രവുമായി രംഗത്ത് വന്നിരിക്കയാണ് ഇപ്പോൾ ബി.ജെ.പി നേതാവ് നിതേഷ് റാണെ. കറൻസി നോട്ടുകളിൽ പതിക്കാൻ ഏറ്റവും അനുയോജ്യമായ ചിത്രം ശിവജിയുടെതാണെന്നും റാണെ അവകാശപ്പെട്ടു.
''ഇതാണ് ഏറ്റവും അനുയോജ്യം''-എന്ന അടിക്കുറിപ്പോടെയാണ് റാണെ ഫോട്ടോഷോപ്പ് ചിത്രം പങ്കുവെച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യ എതിരാളിയാണ് എ.എ.പി. വോട്ടർമാരെ സ്വാധീനിക്കാൻ ഹിന്ദുത്വ കാർഡിറക്കിയാണ് കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കറൻസി നോട്ട് പരിഷ്കരണമെന്ന കെജ്രിവാളിന്റെ നിർദേശത്തിനെതിരെ വ്യാപക വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. ഹിന്ദുത്വ വിരുദ്ധ നയമുള്ള എ.എ.പിയിൽ നിന്നും താറുമാറായ സർക്കാരിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പുതിയ അടവുമായാണ് കെജ്രിവാൾ എത്തിയിരിക്കുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമർശനം.
മഹാത്മ ഗാന്ധിയെ അരികിലേക്ക് മാറ്റിനിർത്താനുള്ള ശ്രമമാണിതെന്നും കെജ്രിവാൾ ഹിന്ദു ദേവതകളെയും ദേവൻമാരെയും അപമാനിച്ചിരിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. തന്റെ രാഷ്ട്രീയ നയങ്ങളിൽ നിന്നും കെജ്രിവാൾ പൂർണമായി വ്യതിചലിച്ചുവെന്നും അതിലൂടെ കെജ്രിവാളിന്റെ തനിനിറം പുറത്തായെന്നും വിമർശനമുണ്ടായി.
''ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകൾ ഉള്ള ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ'' -എന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർഥാടനം ഒരുക്കുമെന്ന് അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആംആദ്മി പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പശുസംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നൽകുമെന്ന് റാലിയിൽ പങ്കെടുത്ത് കെജ്രിവാൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.