തെരഞ്ഞെടുപ്പിലെ പ്രകടനം; മന്ത്രിമാർക്ക് പിടിവീഴും
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷക്കൊത്തുയരാനാവാതെ പോയ കോൺഗ്രസ് മോശം പ്രകടനം നടത്തിയ പാർട്ടി മന്ത്രിമാർക്കെതിരെ നടപടിയെടുത്തേക്കും. ജയസാധ്യതയുണ്ടായിരുന്നിട്ടും പാർട്ടി സ്ഥാനാർഥികൾ തോറ്റ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലാ ചുമതലയുള്ള മന്ത്രിമാർക്കെതിരെയാണ് ഹൈകമാൻഡ് നടപടി പ്രതീക്ഷിക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പിന് മുമ്പെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. മോശം പ്രകടനം നടത്തിയ മന്ത്രിമാരെ മാറ്റിയേക്കുമെന്നാണ് വിവരം.
15 മുതൽ 20 വരെ സീറ്റാണ് കോൺഗ്രസ് കർണാടകയിൽനിന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, രണ്ടക്കം പോലും തികക്കാനാവാതെ വെറും ഒമ്പതു സീറ്റിലേക്ക് ചുരുങ്ങി. 2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റ് വർധിപ്പിച്ചെന്ന് പറയാമെങ്കിലും കർണാടകയിലെ സവിശേഷ അനുകൂല സാഹചര്യം മുതലെടുക്കാൻ കോൺഗ്രസിനായില്ലെന്നാണ് വിലയിരുത്തൽ. ബി.ജെ.പിയും ജെ.ഡി-എസുമടങ്ങുന്ന എൻ.ഡി.എ സഖ്യം 19 സീറ്റാണ് പിടിച്ചത്.
ഇത് ദേശീയ തലത്തിൽ എൻ.ഡി.എക്ക് ഗുണകരമാവുകയും ചെയ്തു. ഇൻഡ്യ സഖ്യം കർണാടകയിൽ നിന്ന് പ്രതീക്ഷിച്ച ഫലമല്ല കോൺഗ്രസിന് നൽകാനായത്. പ്രത്യേകിച്ചും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ സംസ്ഥാനമായിരുന്നിട്ടുകുടി പ്രകടനം മോശമായത് കോൺഗ്രസിനും ക്ഷീണമായി.
പല മന്ത്രിമാരും ഹൈകമാൻഡിന്റെ നടപടി ഭയന്നിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര ബുധനാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരുവിലും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ തട്ടകമായ ബംഗളൂരു റൂറലിലും പാർട്ടി തിരിച്ചടി നേരിട്ടു.
ബംഗളൂരു റൂറലിൽ സിറ്റിങ് സീറ്റിൽ ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് തോറ്റത് കർണാടക കോൺഗ്രസിന് നാണക്കേടായി. ചിക്കബല്ലാപുര, ബംഗളൂരു സൗത്ത്, ചാമരാജ് നഗർ, ഹാസൻ, ബിദർ, ചിക്കോടി, ബെളഗാവി, ബാഗൽകോട്ട്, ധാർവാഡ് മണ്ഡലങ്ങളിൽ യുവാക്കളെയാണ് കോൺഗ്രസ് പരീക്ഷിച്ചത്. 33 ആയിരുന്നു ഇവരുടെ ശരാശരി പ്രായം. ഇതിൽ നാലുപേർ വിജയിച്ചു.
ബിദറിൽ 26കാരനായ സാഗർ ഖണ്ഡ്രെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ അട്ടിമറിച്ചപ്പോൾ 27കാരിയായ പ്രിയങ്ക ജാർക്കിഹോളി 20 വർഷത്തിനുശേഷം ചിക്കോടി മണ്ഡലത്തിൽ പാർട്ടിക്ക് ജയം സമ്മാനിച്ചു. 31കാരനായ ശ്രേയസ പട്ടേലാണ് ഹാസനിൽ ജെ.ഡി-എസിന്റെ പ്രജ്വൽ രേവണ്ണയെ തോൽപിച്ചത്. ചാമരാജ് നഗറിൽ 42 കാരനായ സുനിൽബോസും വിജയിച്ചു. അഞ്ചു മന്ത്രിമാരുടെ മക്കൾക്കും ഒരു മന്ത്രിയുടെ ഭാര്യക്കും കോൺഗ്രസ് അവസരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.