ആരാധനാലയ പരിസരങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ മുന്‍കൂർ അനുമതി ആവശ്യമാണെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ആരാധനാലയ പരിസരങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി ആവശ്യമാണെന്ന പുതിയ ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ. ഇത് സംബന്ധിച്ച് പൊലീസ് കമീഷണർമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകാൻ ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഇന്ന് ഡി.ജി.പിമാരുമായി കൂടിക്കാഴ്ച നടത്തും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും വാൽസ് പാട്ടീൽ അറിയിച്ചു.
മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അനുവദനീയമായ ഡെസിബെൽ പരിധിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കാമെന്നും ആരെങ്കിലും ഇത് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ക്രമസമാധാനനില ആഭ്യന്തര മന്ത്രലയം സദാ നിരീക്ഷിക്കുന്നുണ്ടെന്നും ആരെങ്കിലും ഇത് തകർക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വാൽസ് പാട്ടീൽ പറഞ്ഞു. മേയ് മൂന്നിനകം മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന രാജ് താക്കറെയുടെ താക്കീതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവുമായി സർക്കാർ എത്തുന്നത്.
ബി.ജെ.പിക്ക് വേണ്ടിയാണ് രാജ് താക്കറെ വർഗീയ നിലപാടെടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, റാവു സാഹെബ് ദാൻവെ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പള്ളിയിലെ ബാങ്കുവിളിക്കെതിരെ രാജ് താക്കറെ രംഗത്തിറങ്ങിയത്.
മഹാരാഷ്ട്രയിൽ കലാപമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രാർഥനകളെ എതിർക്കുന്നില്ലെന്നും പറഞ്ഞ രാജ് നിയമവിരുദ്ധമായി പള്ളികളിൽ സ്ഥാപിച്ച ഉച്ചഭാഷിണി നീക്കം ചെയ്യാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നുമാണ് പറഞ്ഞത്. മതങ്ങൾ രാജ്യത്തെ നിയമത്തിന് അതീതമല്ലെന്ന് മുസ്‌ലിംകൾ മനസിലാക്കണമെന്നും രാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.