പ്രാണപ്രതിഷ്ഠക്ക് വ്രതമെടുക്കുന്നയാൾ നുണ പറയരുത്, നിലത്തുറങ്ങണം, ഗായത്രി മന്ത്രം ജപിക്കണം -ആചാര്യ സത്യേന്ദ്ര ദാസ്
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താൻ കഠിനമായ വ്രതാനുഷ്ഠാനത്തിലൂടെ കടന്നുപോകണമെന്ന് അയോധ്യാ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. വ്രതമെടുക്കുന്നയാൾ നിലത്ത് കിടന്നുറങ്ങണം, നുണ പറയരുത്, ഗായത്രി മന്ത്രം പോലുള്ള മന്ത്രങ്ങൾ ചൊല്ലണം, ഇലയിൽ ഭക്ഷണം കഴിക്കണം, ബ്രഹ്മചര്യം അനുഷ്ഠിക്കണം -വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠക്ക് മുമ്പ് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണുകൾ പുറത്തുകാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠ പൂർത്തിയായ ശേഷം മാത്രമേ രാംലല്ലയുടെ കണ്ണുകൾ പുറത്തുകാട്ടാവൂ. ഇപ്പോൾ രാംലല്ലയുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിൽ, ആരാണ് ചിത്രങ്ങൾ പുറത്തുവിട്ടതെന്ന് അന്വേഷിക്കണം -അദ്ദേഹം പറഞ്ഞു.
മുമ്പ് പുറത്തുവന്ന ചിത്രങ്ങളിൽ കണ്ണുകൾ മഞ്ഞപ്പട്ടുകൊണ്ട് മറച്ചിരുന്നു. എന്നാൽ, അയോധ്യയില്‍ ജനുവരി 22ന് പ്രാണ പ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപത്തിന്‍റെ ചിത്രമാണ് ഇന്നലെ പ്രചരിച്ചത്.
അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 11 ദിവസം തുടരുന്ന വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി നിലത്ത് കിടന്നുറങ്ങുന്നതായും ഇളനീര്‍ മാത്രമാണ് കുടിക്കുന്നതെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.