'പേഴ്സണൽ ആക്സിഡന്‍റ് കവർ' പരിരക്ഷ വാഹന ഉടമക്ക് മാത്രമാണോ? അല്ലെന്ന് വാഹനാപകട ട്രിബ്യൂണൽ
text_fieldsചെന്നൈ: വാഹനാപകടത്തിൽ മരണം സംഭവിച്ചാൽ ലഭിക്കുന്ന 'പേഴ്സണൽ ആക്സിഡന്‍റ് കവർ' ഇൻഷുറൻസ് പരിരക്ഷ വാഹനത്തിന്‍റെ ഉടമക്ക് മാത്രമല്ലെന്നും, വാഹനം ഓടിക്കുന്നത് ആരാണോ അയാൾക്ക് ലഭിക്കുമെന്നും ചെന്നൈയിലെ വാഹനാപകട ട്രിബ്യൂണലിന്‍റെ വിധി. മറ്റൊരാളുടെ ബൈക്ക് ഓടിച്ച് അപകടമുണ്ടായി മരിച്ച സംഭവത്തിൽ 'പേഴ്സണൽ ആക്സിഡന്‍റ് കവർ' നിരാകരിച്ചതിനെതിരായ പരാതിയാണ് ട്രിബ്യൂണൽ അംഗീകരിച്ചത്.
2021 സെപ്റ്റംബർ 18ന് ചെന്നൈ മാടമ്പാക്കം സ്വദേശിയായ ബി. ഉമാശങ്കർ എന്നയാൾ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. സുഹൃത്തായ കാർത്തിക് മുരളിയുടെ വാഹനമായിരുന്നു ഇയാൾ ഓടിച്ചത്. ആമ്പൂർ-വെല്ലൂർ ഹൈവേയിൽ വെച്ച് തെരുവുനായയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് വീണാണ് അപകടമുണ്ടായത്.
ഉമാശങ്കർ ഓടിച്ച വാഹനത്തിന് 15 ലക്ഷത്തിന്‍റെ 'പേഴ്സണൽ ആക്സിഡന്‍റ് കവർ' പരിരക്ഷയുണ്ടായിരുന്നു. എന്നാൽ, ഉടമയായ കാർത്തിക് മുരളിയല്ല ബൈക്ക് ഓടിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചു. ഉടമക്കോ, ഉടമ ഡ്രൈവറായി വെക്കുന്ന ആൾക്കോ, ഉടമയുടെ തൊഴിലാളിക്കോ മാത്രമേ പരിരക്ഷയുള്ളൂ. മരിച്ച ഉമാശങ്കർ എന്നയാൾ കാർത്തിക് മുരളിയുടെ ബൈക്ക് കടം വാങ്ങുകയായിരുന്നെന്നും അതിനാൽ ഇൻഷുറൻസ് ലഭിക്കാനുള്ള നിയമപരമായ അവകാശം ഇയാളുടെ കുടുംബത്തിനില്ലെന്നും കമ്പനി വാദിച്ചു.
എന്നാൽ, ഈ വാദം ട്രിബ്യൂണൽ അംഗീകരിച്ചില്ല. സമാന കേസിലെ മദ്രാസ് ഹൈകോടതിയുടെ വിധി മുൻനിർത്തി, ഉമാശങ്കറിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. വാഹനം ആരാണോ ഓടിക്കുന്നത്, അയാളെ ഉടമയായി കണക്കാക്കാം. അപകടത്തിൽ മരിക്കുന്ന സാഹചര്യത്തിൽ ഉടമയായാലും, ഉടമയുടെ ഡ്രൈവറായാലും, കടംവാങ്ങിയ ആളായാലും ഇൻഷുറൻസ് പോളിസി പ്രകാരമുള്ള പരിരക്ഷക്ക് അവകാശമുണ്ട് -ട്രിബ്യൂണൽ വിധിച്ചു. ഇൻഷുറൻസ് തുകയായ 15 ലക്ഷം മരിച്ചയാളുടെ ഭാര്യക്കും രണ്ട് മക്കൾക്കുമായി നൽകണമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.