വ്യക്തികളുടെ ബാങ്ക്, പാൻ വിവരങ്ങൾ 10 ഏജൻസികൾക്ക് നൽകും
text_fieldsന്യൂഡൽഹി: ആദായ നികുതി വകുപ്പിെൻറ കൈവശമുള്ള വ്യക്തിഗത വിവരങ്ങളായ പാൻ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവ സെൻട്രൽ ബ്യൂറോ ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉൾപ്പെടെ 10 ഏജൻസികളുമായി പങ്കുവെക്കും. മുംബൈ ഭീകരാക്രമണ സംഭവത്തിനുശേഷം രൂപവത്കരിച്ച ദേശീയ ഇൻറലിജൻസ് ഗ്രിഡ് (നാറ്റ് ഗ്രിഡ്) വഴിയാണ് ഇത് ലഭ്യമാക്കുകയെന്നും ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു.
പെർമനൻറ് അക്കൗണ്ട് നമ്പർ (പാൻ), ടാക്സ് ഡിഡക്ഷ്ൻ ആൻഡ് കലക്ഷൻ അക്കൗണ്ട് നമ്പർ (ടാൻ), ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ആദായനികുതി റിട്ടേൺ- ടി.ഡി.എസ് എന്നിവയും കൂടാതെ ആദായ നികുതി വകുപ്പും നാറ്റ്ഗ്രിഡും പരസ്പരം അംഗീകരിച്ച എന്തുവിവരവും പങ്കുവെക്കുമെന്നാണ്, ആദായ നികുതി വകുപ്പിെൻറ നയരൂപവത്കരണം നടത്തുന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ജൂലൈ 21ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
നാറ്റ്ഗ്രിഡിെൻറ കൈവശമുള്ള വിവരങ്ങൾ ഈ ഏജൻസികൾക്ക് ലഭ്യമാക്കണമെന്ന് നിലവിൽ നിയമമുണ്ട്. ആദായനികുതി വകുപ്പുമായി ധാരണയിൽ എത്തുന്നതോടെ ലഭിക്കുന്ന വിവരങ്ങൾ അതിനാൽതന്നെ സ്വാഭാവികമായി ഏജൻസികളിൽ എത്തും. സായുധവും സാമ്പത്തികവും സൈബർ സാങ്കേതിക വിദ്യയും വഴി ഉണ്ടാവാനിടയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ വേണ്ടിയാണ് പുതിയ സംവിധാനമെന്നും അധികൃതർ പറയുന്നു.
ഇതിലൂടെ അതിവേഗം വിവരങ്ങൾ ലഭ്യമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലി 2006 മുതൽ 2009 വരെ പിടിക്കപ്പെടാതെ പോയത് ഇത്തരം വിവരങ്ങൾ സമയത്തിന് ലഭിക്കാത്തതാണെന്നും അധികൃതർ പറയുന്നു.
വിവരം പങ്കുവെക്കുന്ന ഏജൻസികൾ
സി.ബി.ഐ, എൻ.ഐ.എ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി ഇൻറലിജൻസ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഫിനാൻഷ്യൽ ഇൻറലിജൻസ് യൂനിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.