ഗുസ്തി താരങ്ങൾക്ക് രഹസ്യ അജണ്ട, ലൈംഗികാരോപണങ്ങൾ തള്ളി റെസ്‍ലിങ് ഫെഡറേഷൻ
text_fieldsന്യൂഡൽഹി: ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി താരങ്ങൾക്ക് രഹസ്യ അജണ്ടയുണ്ടെന്ന് റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഗുസ്തിതാരങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പ്രതിഷേധം അരങ്ങേറുന്നത്. ഇന്ത്യയിൽ ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയല്ല. എന്നാൽ ചില വ്യക്തിഗതവും രഹസ്യവുമായ അജണ്ട ഇതിലുണ്ടെന്നും റെസ്‍ലിങ് ഫെഡറേഷൻ യുവജന ക്ഷേമ മന്ത്രാലയത്തിന് നൽകിയ കത്തിൽ ആരോപിക്കുന്നു.
നിലവിലെ മികച്ച കർക്കശമായ മാനേജ്മെന്റിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങൾ പ്രതിഷേധമിരിക്കുന്നത്. പ്രതികൂല സാഹചര്യം സൃഷ്ടിച്ച് പൊതു സമ്മർദ്ദം രൂപീകരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കത്തിൽ പറയുന്നു.
വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ മൂന്നു ദിവസമായി ജന്തർ മന്തിറിൽ പ്രതിഷേധമിരിക്കുകയാണ്.
ബ്രിജ് ഭൂഷൺ വനിതാ ഗുസ്തി താരങ്ങളെയും വനിതാ കോച്ചുമാരെയും ഉൾപ്പെടെ ലൈംഗിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയാക്കിയെന്നും ആരോപിച്ച് ഫെഡറേഷനിൽ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങൾ പ്രതിഷേധിക്കുന്നത്.
കെടുകാര്യസ്ഥത സംബന്ധിച്ച കുറ്റങ്ങളോട്, ഗുസ്തി താരങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട് മാത്രമാണ് പ്രവർത്തിച്ചതെന്നും ഫെഡറേഷൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.