വ്യക്തിവിവര സുരക്ഷ: വീഴ്ചക്ക് കോടികൾ പിഴ
text_fieldsന്യൂഡല്‍ഹി: വ്യക്തിവിവരം ദുരുപയോഗം ചെയ്താൽ വൻതുക പിഴ ഇൗടാക്കണമെന്ന്ശ്രീകൃഷ്ണ കമീഷന് ശിപാർശ. അത് നിയമപ്രകാരം നിശ്ചയിക്കുന്നതോ ദുരുപയോഗം ചെയ്യുന്നയാളുടെ വരുമാനത്തിെൻറ നിശ്ചിത ശതമാനമോ ആകണം. അഞ്ചുകോടി രൂപ വരെയോ വരുമാനത്തിെൻറ രണ്ടുശതമാനം വരെയോ പിഴ ആകാം. വ്യക്തിവിവരങ്ങൾ, അതിസ്വകാര്യ വിവരങ്ങൾ, കുട്ടികളുടെ വിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ 15 കോടി രൂപയോ വരുമാനത്തിെൻറ നാലു ശതമാനമോ പിഴ ചുമത്താം. വ്യക്തിവിവരം കൈകാര്യം ചെയ്യാനുള്ള അനുമതി സ്വന്തം തീരുമാനത്തോടെയാകണം. വ്യക്തവും പിൻവലിക്കാവുന്നതുമാകണം.
സ്വകാര്യത സംരക്ഷിക്കാന്‍ ആധാർ നിയമവും വിവരാവകാശ നിയമവും ഭേദഗതി ചെയ്യണമെന്നതടക്കമുള്ള സുപ്രധാന നിർദേശങ്ങളാണ്ശ്രീകൃഷ്ണ കമീഷന് കേന്ദ്രസർക്കാറിന് കൈമാറിയ ശിപാർശയിലുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച പേഴ്സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനുള്ള ശിപാര്‍ശകളിലാണ് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിവരസംരക്ഷണം മൗലികാവകാശപ്പട്ടികയിൽ പെടുത്തണമെന്നത് സുപ്രധാന നിർദേശങ്ങളിൽ ഒന്നാണ്.
വ്യക്തിഗത വിവര സംരക്ഷണം ശക്തിപ്പെടുത്താനാണ് ആധാർ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടത്. അനാവശ്യമായി ആധാര്‍ ചോദിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വേണമെന്നും ശിപാര്‍ശയിൽ വ്യക്തമാക്കുന്നു. മതവിശ്വാസവും രാഷ്ട്രീയ ബന്ധവും വ്യക്തിവിവരങ്ങളിൽ അതിപ്രാധാന്യമുള്ളതാണെന്ന് ശിപാർശയിലുണ്ട്. ഇതിന്പുറമെ പാസ്വേഡ് അടക്കമുള്ള അതിസ്വകാര്യ വിവരങ്ങൾ സംരക്ഷിക്കപ്പെടണം.
ഡാറ്റ സംരക്ഷണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണം. അതോറിറ്റിക്കെതിരായ പരാതികൾ പരിഹരിക്കാൻ അപ്പീൽ അതോറിറ്റിയും വേണം. വിദേശികളുടെ സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ കമ്പനികളെ ഡാറ്റ സംരക്ഷണ നിയമത്തിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ടാകണം. ഗൂഗ്ൾ, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഇൻറര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് നിയമം ലക്ഷ്യമിടുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുകയും പങ്കുവെക്കുകയും സമാഹരിക്കുകയും ചെയ്യുന്ന വിവരങ്ങള്‍ക്കാണ് നിയമം ബാധകമാകുക. വിവരസംരക്ഷണ നിയമത്തിെൻറ കരടും തയാറാക്കി കൈമാറിയിട്ടുണ്ട്. പൊതുജനക്ഷേമം, ക്രമസമാധാനം, അടിയന്തരസാഹചര്യം എന്നിവ അടിസ്ഥാനപ്പെടുത്തി ഉപയോക്താവിെൻറ അനുമതി കാക്കാതെ അയാളുടെ വിവരം കൈകാര്യം ചെയ്യാൻ ഭരണകൂടത്തിനാവണം. വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും ദുരുപയോഗം ചെയ്യുന്നവര്‍ക്കുമെതിരെ നടപടി വേണം. നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ, നിയമ നടപടിക്രമം തുടങ്ങിയവ നിശ്ചയിക്കുകയും ഡാറ്റ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഏജന്‍സി രൂപവത്കരിക്കുകയും ചെയ്യണം.
വ്യക്തിഗത വിവര സുരക്ഷ സംബന്ധിച്ച നിയമനിര്‍മാണത്തിനായി ശിപാര്‍ശ സമര്‍പ്പിക്കാൻ 2017 ആഗസ്റ്റിലാണ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയെ നിയമിച്ചത്. ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യന്‍, വിദേശ കമ്പനികള്‍ക്കും വകുപ്പുകള്‍ക്കും ബാധകമാകുന്ന നിയമത്തിനുള്ള ശിപാര്‍ശകളാണ് സമര്പ്പിച്ചെതന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിനാണ് 213 പേജുള്ള റിപ്പോര്‍ട്ട് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.