ഗ്യാൻവാപി, ഷാഹി ഈദ്ഗാഹ്: പുതിയ തർക്കങ്ങളിൽ വ്യക്തിനിയമ ബോർഡിന് ആശങ്ക
text_fieldsഹൈദരാബാദ്: ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ് എന്നിവയുമായി ബന്ധപ്പെട്ട് കീഴ് കോടതികളിൽ പുതിയ തർക്കങ്ങൾ ഉന്നയിക്കപ്പെടുന്നതിൽ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡിന് ആശങ്ക. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് 1991ലെ നിയമം പൂർണമായി തടയുന്നുണ്ടെന്ന് ഹൈദരാബാദിൽ ചേർന്ന ബോർഡ് എക്സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കി.
1991ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി ഗ്യാൻവാപി, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റികൾ നൽകിയ അപ്പീൽ സുപ്രീംകോടതി അവഗണിക്കുകയായിരുന്നു. പുതിയ തർക്കങ്ങൾക്ക് വാതിൽ തുറന്നാൽ വർഗീയശക്തികൾ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. മഥുര കൃഷ്ണജന്മഭൂമി ട്രസ്റ്റ്, ഷാഹി ഈദ്ഗാഹ് തർക്കം 1968ൽ കരാറിലൂടെ പരിഹരിച്ചതാണ്. രാജ്യത്തെ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താൻ സുപ്രീംകോടതി പുതിയ തർക്കങ്ങൾക്ക് അവസരം നൽകില്ലെന്ന് ബോർഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗതാഗത പ്രശ്നം ഉയർത്തി ഡൽഹിയിലെ സുനേരി മസ്ജിദ് പൊളിക്കാനുള്ള ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നീക്കം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ലിന്റൺ മേഖലയിലുള്ള സുനേരി മസ്ജിദ് ഉൾപ്പെടെയുള്ള ഏഴ് പള്ളികൾ നിയമവിരുദ്ധർ ലക്ഷ്യമിട്ടിട്ടുണ്ട്. സുനേരി മസ്ജിദ് ഉൾപ്പെടെ പൈതൃക നിർമിതിയാണ്. നിരവധി മതങ്ങളും സംസ്കാരങ്ങളുമുള്ള ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് അനുയോജ്യമല്ലെന്ന് ബോർഡ് ആവർത്തിച്ചു.
യോഗത്തിൽ വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി അധ്യക്ഷതവഹിച്ചു.
സെക്രട്ടറി മൗലാന മുഹമ്മദ് ഫസലുറഹീം മുജദ്ദിദി, ബോർഡ് വൈസ് പ്രസിഡന്റും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷനുമായ സയ്യിദ് സാദത്തുല്ല ഹുസൈനി, സെക്രട്ടറിമാരായ മൗലാന ഉംറീൻ മെഹ്ഫുസ് റഹ്മാനി, മൗലാന വാലി ഫൈസൽ റഹ്മാനി, മൗലാന ഡോ. യാസീൻ അലി ഉസ്മാനി, ട്രഷറർ പ്രഫ. റിയാസ് ഉമർ, അസദുദ്ദീൻ ഉവൈസി എം.പി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.