എല്ലാ വ്യക്തിനിയമങ്ങളും ഭരണഘടനക്ക് വിധേയമാണ്– അരുൺ ജെയ്റ്റ്ലി
text_fieldsന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായം തുല്യതയുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍െറയും അളവുകോല്‍ വെച്ച് തീര്‍പ്പാക്കേണ്ടതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഈ മാനദണ്ഡം എല്ലാ വ്യക്തിനിയമങ്ങള്‍ക്കും ബാധകമാണ്. എല്ലാ വ്യക്തിനിയമങ്ങളും ഭരണഘടനക്ക് വിധേയമാണെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമത്തിലും മുത്ത്വലാഖിലും കേന്ദ്ര സര്‍ക്കാറിന്‍െറ നയം ഞായറാഴ്ച പ്രസിദ്ധീകരിച്ച ഫേസ്ബുക് പോസ്റ്റിലാണ് അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചത്.
മതാചാരങ്ങളും അനുഷ്ഠാനങ്ങളും പൗരാവകാശങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. ജനനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹമോചനം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം നിലനില്‍ക്കുന്ന മതപരമായ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നിര്‍വഹിക്കാം. അതേസമയം ജനനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശമാകേണ്ടത് മതമാണോ ഭരണഘടനയാണോ എന്നാണ് ചോദ്യം. ഇതിലേതെങ്കിലും വിഷയങ്ങളില്‍ അസമത്വമോ മനുഷ്യന്‍െറ അന്തസ്സില്‍ വിട്ടുവീഴ്ചയോ ആകാമോ?
വ്യക്തിനിയമങ്ങള്‍ ഭരണഘടനക്ക് വിധേയമല്ല എന്ന യാഥാസ്ഥിതികമായ കാഴ്ചപ്പാടാണ് ചിലയാളുകള്‍ക്ക്. എന്നാല്‍, സര്‍ക്കാറിന്‍െറ കാഴ്ചപ്പാട് വ്യക്തമാണ്. വ്യക്തിനിയമങ്ങള്‍ ഭരണഘടനക്ക് വിധേയമാണ്. അതിനാല്‍, മുത്ത്വലാഖ് സമ്പ്രദായത്തില്‍ തുല്യതയുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍െറയും അളവുകോല്‍ വെച്ചാണ് വിധിപറയേണ്ടത്. ഇതേ മാനദണ്ഡം മറ്റെല്ലാ വ്യക്തിനിയമങ്ങള്‍ക്കും ബാധകമാണെന്നും ജെയ്റ്റ്ലി തുടര്‍ന്നു.
വ്യക്തിനിയമങ്ങളെ മൗലികാവകാശങ്ങള്‍ക്ക് വിധേയമാക്കുന്നതിനെ കഴിഞ്ഞകാലങ്ങളിലെ സര്‍ക്കാറുകള്‍ തടയുകയായിരുന്നുവെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാര്‍ ഇതില്‍ വ്യതിരിക്തമായ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാറും മന്‍മോഹന്‍ സിങ് സര്‍ക്കാറും ഹിന്ദു വ്യക്തിനിയമങ്ങളിലും അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ ക്രിസ്ത്യന്‍ വിവാഹ, വിവാഹമോചന നിയമങ്ങളിലും ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
നിലവില്‍ സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത് മുത്ത്വലാഖിന്‍െറ ഭരണഘടനാസാധുതയുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്ന് അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടു. മുത്ത്വലാഖിന്‍െറ ഭരണഘടനാസാധുതയും ഏകസിവില്‍കോഡും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട അക്കാദമിക സംവാദം നിയമ കമീഷന് മുന്നിലാണ്. ഓരോ സമുദായത്തിനും വ്യത്യസ്ത വ്യക്തിനിയമം വേണോ എന്ന ചര്‍ച്ചയാണ് അതില്‍ നടക്കുന്നത്. വ്യക്തിനിയമങ്ങള്‍ ഭരണഘടനക്ക് വിധേയമാണോ എന്ന കാര്യം നിയമകമീഷന് മുന്നിലില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ഏകസിവില്‍കോഡ് നടപ്പാക്കാന്‍ കഴിയുമോ എന്ന് ഒന്നിലേറെ തവണ സുപ്രീംകോടതി ചോദിച്ചതാണ്. ബന്ധപ്പെട്ട കക്ഷികളുമായി വിശദമായി കൂടിയാലോചിച്ച് വ്യക്തിനിയമങ്ങള്‍ ഭേദഗതി ചെയ്യാറുണ്ടെന്ന് മുന്‍ സര്‍ക്കാറുകള്‍ കോടതിയെയും പാര്‍ലമെന്‍റിനെയും അറിയിച്ചിട്ടുമുണ്ട്. ഇതില്‍ വീണ്ടും ഒരു അക്കാദമിക് ചര്‍ച്ചക്ക് തുടക്കമിടുകയായിരുന്നു നിയമ കമീഷന്‍. ഭരണഘടനാ നിര്‍മാണ സഭ തുടങ്ങിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണിതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.