വളർത്തുമൃഗ വിൽപനക്ക് നിയമം കർശനമാക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: അലങ്കാരപ്പക്ഷികൾ മുതൽ അരുമ മൃഗങ്ങളെ വരെ ഇനി കടകളിലൂടെ വിൽപന നടത്തണമെങ്കിൽ രജിസ്ട്രേഷൻ നിർബന്ധം. പട്ടിക്കുഞ്ഞുങ്ങളെ വിൽക്കണമെങ്കിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. ഇതടക്കം നിബന്ധനകളോടെ മൃഗങ്ങളോടുള്ള ക്രൂരതകൾ അവസാനിപ്പിക്കൽ (പെറ്റ് ഷോപ്പ്) നിയമം -2018 അനുസരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി.
ഇതനുസരിച്ച് സംസ്ഥാന മൃഗക്ഷേമ ബോർഡിൽനിന്ന് രജിസ്േട്രഷൻ ലഭിക്കാതെ മൃഗങ്ങളുടെയോ പക്ഷികളുടെയോ വിൽപന, കൈമാറ്റം തുടങ്ങിയവ സാധ്യമാകില്ല. വാങ്ങിയതും വിറ്റതുമായ മൃഗങ്ങളുടെ വാർഷിക കണക്കും മൃഗക്ഷേമ ബോർഡിന് സമർപ്പിക്കണം. വെറ്ററിനറി പ്രാക്ടീഷനർമാരായിരിക്കണം പട്ടിക്കുഞ്ഞുങ്ങൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കേണ്ടത്. എല്ലാ പെറ്റ് ഷോപ്പുകളിലും മൈക്രോ ചിപ്പ് റീഡറും നിർബന്ധമാക്കി.
വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഒാരോ ജീവിക്കും അനുകൂലമായ ജീവിത സാഹചര്യവും ഷോപ്പുകളിലുണ്ടാകണം. സ്ഥിരം കെട്ടിടങ്ങളിലാകണം പെറ്റ് ഷോപ്പുകൾ പ്രവർത്തിക്കേണ്ടതെന്നും ഇത്തരം സ്ഥാപനങ്ങൾ അറവുശാലകളിൽനിന്ന് ചുരുങ്ങിയത് 100 മീറ്റർ അകെലയായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.