തണുത്തുറഞ്ഞ മഞ്ഞിൽ മൃതദേഹങ്ങൾക്ക് രണ്ടു ദിവസം കാവലിരുന്ന് ‘ആൽഫ’
text_fieldsകാംഗ്റ: തണുത്തുറഞ്ഞ മഞ്ഞിൽ യജമാനന്‍റെ മൃതദേഹത്തിന് രണ്ടു ദിവസം കാവലിരുന്ന് വളർത്തുനായ. ഹിമാചൽ പ്രദേശിലെ കാംഗ്റ ജില്ലയിലെ ബിർ-ബില്ലിങ്ങിലാണ് സംഭവം. ട്രെക്കിങ്ങിനിടെ അഭിനന്ദൻ ഗുപ്ത എന്ന യുവാവും സുഹൃത്ത് പർണിതയുമാണ് മരിച്ചത്.
അഭിനന്ദന്‍റെ ഓമാന മൃഗമായിരുന്നു ആൽഫ എന്ന് പേരിട്ട ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായ. സമുദ്രനിരപ്പിൽനിന്നും 9,000 അടി ഉയരെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും 48 മണിക്കൂറാണ് മൃതദേഹങ്ങൾക്കു സമീപത്തുനിന്നും മാറാതെ ആൽഫ കാവൽ നിന്നത്.
വിനോദസഞ്ചാര കേന്ദ്രമായ ബില്ലിങ്ങിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു അഭിനന്ദനും സുഹൃത്ത് പർണിതയും. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ കാർ വഴിയിൽനിർത്തി ഇരുവരും ആൽഫയോടൊപ്പം ബില്ലിങ്ങിലേക്ക് ട്രെക്കിങ് നടത്തുകയായിരുന്നു. ബിർറിനടുത്തുള്ള ചോഗനിലെ ബേസ് ക്യാമ്പിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
കനത്ത മഞ്ഞുവീഴ്ചയിൽ കാൽ വഴുതി അഗാധമായ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നെന്നാണ് കരുതുന്നത്. കൊടുംതണുപ്പിനെ തുടർന്നും വീഴ്ചയിൽ സംഭവിച്ച മുറിവുകളെ തുടർന്നും ഇരുവർക്കും മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. ആൽഫക്കും മുറിവുകളേറ്റിരുന്നു. എന്നാൽ, അതെല്ലാം അവഗണിച്ച് ആൽഫ മൃതദേഹങ്ങൾക്ക് കാവിലിരിക്കുകയായിരുന്നു. അഭിനന്ദന്‍റെ കുടുംബം അറിയിച്ചതനുസരിച്ച് രക്ഷാപ്രവർത്തകർ തിരിച്ചിൽ ആരംഭിച്ച് മൃതദേഹങ്ങൾ കണ്ടെത്തുമ്പോഴേക്കും 48 മണിക്കൂർ പിന്നിട്ടിരുന്നു.
കരടി, പുള്ളിപ്പുലി അടക്കം വന്യമൃഗങ്ങൾ വിഹരിക്കുന്ന മേഖലയാണിത്. മൃതദേഹത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മൃതദേഹത്തിനടുത്തെത്തിയ മൃഗങ്ങളെ ആൽഫ തുരത്തിയിട്ടുണ്ടെന്ന് ഇതിൽനിന്നും വ്യക്തമാണ്.
കുടുംബാംഗങ്ങൾ എത്തി ആൽഫയെയും കൂട്ടി അഭിനന്ദന്‍റെ മൃതദേഹം പത്താൻകോട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.