ആരാധനാലയ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും ഹരജി
text_fieldsന്യൂഡൽഹി: അനാവശ്യ അവകാശവാദങ്ങളിൽനിന്ന് ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന, 1991ലെ ആരാധനാലയ (സ്‍പെഷൽ പ്രൊവിഷൻസ്) നിയമത്തിലെ സുപ്രധാന വകുപ്പുകൾക്കെതിരെ സുപ്രീംകോടതിയിൽ ഹരജി.
നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാദത്തമായ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ് ഹരജി നൽകിയത്. നിയമത്തിനു മുന്നിൽ എല്ലാരും സമന്മാരാണെന്ന സങ്കൽപത്തെയും മതം, വംശം, ജാതി, ലിംഗം, ജന്മദേശം തുടങ്ങിയവയുടെ പേരിലെ വിവേചനത്തിൽനിന്നുള്ള സംരക്ഷണത്തെയും ലംഘിക്കുന്നവയാണ് നിയമത്തിലെ രണ്ട്, മൂന്ന്, നാല് വകുപ്പുകളെന്നും ഹരജിക്കാരനായ ദേവകി നന്ദൻ ഠാകുർ ആരോപിക്കുന്നു. ബി.ജെ.പി നേതാവായ അഡ്വ. അശ്വിനി ഉപാധ്യായയുടേത് അടക്കം, നിയമത്തിലെ പല വകുപ്പുകളെയും എതിർത്തുകൊണ്ടുള്ള നിരവധി ഹരജികൾ നിലവിൽ സുപ്രീംകോടതിക്കു മുന്നിലുണ്ട്.
രാജ്യത്തെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15ന് എന്താണോ അതായിരിക്കണം തുടർന്നങ്ങോട്ടുമെന്ന, 1991ലെ നിയമം നീതിതേടലിനുള്ള അവസരം എല്ലാ കാലത്തേക്കുമായി അടച്ചിരിക്കുകയാണെന്ന് ഹരജി പറയുന്നു. ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതവിശ്വാസികൾക്ക് നിയമപരമായ പരിഹാരം ലഭിക്കുന്നതിനുള്ള അവകാശം ഈ നിയമം എടുത്തുകളയുന്നുവെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജി ആരോപിക്കുന്നു. ''നിയമത്തിലെ രണ്ട്, മൂന്ന്, നാല് വകുപ്പകൾ വഴി ഹിന്ദു, ജൈന, ബുദ്ധ, സിഖ് മത വിശ്വാസികൾക്ക് സംഭവിച്ച പരിക്ക് വലുതാണ്. നിയമപരിഹാരത്തിനായി കോടതിയെ സമീപിക്കാനുള്ള വഴിയാണ് ഇത് അടച്ചിരിക്കുന്നത്'' -ഹരജി ചൂണ്ടിക്കാട്ടുന്നു.
ആരാധനസ്ഥലത്തിൽ മാറ്റം വരുത്തുന്നത് തടയുന്നതാണ് മൂന്നാംവകുപ്പ്. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം പ്രഖ്യാപിക്കുന്നതും നിയമവ്യവഹാരത്തിന്റെ പരിധി നിർണയിക്കുന്നതുമാണ് നാലാം വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.