ശശികലക്കെതിരായ ഹരജി സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കില്ല
text_fieldsചെന്നൈ: ശശികല നടരാജന്‍റെ സത്യപ്രതിജ്ഞ തടയണമെന്ന ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ശശികലക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി വിധി വരുന്നതുവരെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന പ്രവര്‍ത്തകനായ സെന്തില്‍ കുമാര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. ശശികലയുടെ സത്യപ്രതിജ്ഞ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് ഹരജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ല എന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവെക്കേണ്ടിവരുമെന്നും അങ്ങനെവന്നാല്‍ തമിഴ്‌നാട്ടില്‍ കലാപമുണ്ടായേക്കുമെന്നുമായിരുന്നു സെന്തിൽകുമാറിന്‍റെ വാദം. ജയലളിതയും ശശികലയുമുള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈകോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ ഒരാഴ്ചക്കകം വിധിപറയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹരജി നല്‍കിയത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടതാണ് കേസ്. ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ശശികല ഒളിവിൽ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാ ഡി.എം.കെ എം.എ.ല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ മറ്റൊരു ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് ഇന്ന് പരിഗണിച്ചേക്കുമെന്ന് കരുതുന്നു. നിലവലില്‍ മഹാബലിപുരം, കൽപകം, ചെന്നൈ എന്നിവടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ആണ് എം.എൽ.എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.