മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗം, ഒഴിവാക്കാനാകില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നിവ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത ഹരജിക്കാരന് മറുപടിയുമായി സുപ്രീംകോടതി. 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി ഉപാധ്യായ, ബൽറാം സിങ് എന്നിവർ സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് പരാമർശം. ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
മതേതരത്വത്തെ ഭരണഘടനയുടെ പ്രധാന സവിശേഷതയായി കണക്കാക്കുന്നു. മതേതരത്വത്തെ ഭരണഘടന അംഗീകരിക്കുകയും ചർച്ചകൾ നടക്കുകയും ചെയ്തപ്പോൾ ഫ്രഞ്ച് മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. 'ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?' എന്നാണ് ബെഞ്ച് ഹരജിക്കാരനോട് ചോദിച്ചത്. സോഷ്യലിസ്റ്റ് എന്ന വാക്ക് പാശ്ചാത്യ അർത്ഥത്തിൽ മനസിലാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നിങ്ങൾ പാശ്ചാത്യ സങ്കൽപ്പത്തിലൂടെ പോകുകയാണെങ്കിൽ, അതിന് മറ്റൊരു അർത്ഥമുണ്ട്. പക്ഷേ ഞങ്ങൾ അത് പിന്തുടരുന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ മതേതരമല്ലെന്നല്ല, ഭേദഗതിയെ വെല്ലുവിളിക്കുക മാത്രമാണ് അതെന്നും അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. സോഷ്യലിസം എന്ന വാക്ക് ഉൾപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന ബി.ആർ അംബേദ്കറുടെ വാക്കുകൾ വിഷ്ണു ശങ്കർ പരാമർശിച്ചു. ആമുഖം അനുസരിച്ച് 1949 നവംബർ 26 ന് ഇന്ത്യയെ സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കാക്കി മാറ്റാൻ ഇന്ത്യയിലെ ജനങ്ങൾ സമ്മതിച്ചതായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് മുൻ രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമി വാദിച്ചു.
രണ്ട് വാക്കുകൾക്കും ഇന്ന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്. അവ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായി മാറിയിട്ടുണ്ടെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. രണ്ട് വാക്കുകളും ബ്രാക്കറ്റുകൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ അവ 1976 ലെ ഭേദഗതിയിലൂടെ ചേർത്തതാണെന്ന് എല്ലാവർക്കും വ്യക്തമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. 42-ാം ഭേദഗതിയെക്കുറിച്ച് എല്ലാവർക്കും അറിയാം. കൂടാതെ രാജ്യത്തിന്‍റെ ഐക്യം, അഖണ്ഡത തുടങ്ങിയ വാക്കുകളും ഭേദഗതിയിൽ ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.