വിദ്വേഷ പ്രസംഗം: മോദിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡൽഹി ഹൈകോടതി തള്ളി. കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കോൺഗ്രസ് ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകിയെന്നും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടി ആയിരുന്നു ഹരജി. നിരവധി പരാതി ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
എന്നാൽ, ഹരജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനയിലാണെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമീഷന് ആർക്ക് നോട്ടീസ് നൽകണമെന്ന് നിര്‍ദേശിക്കാനോ അവർ ഒന്നും ചെയ്യില്ലെന്ന് തങ്ങൾക്ക് അനുമാനിക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ബി.ആർ.എസ് നേതാവ് കെ. ചന്ദ്രശേഖർ റാവുവിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തെന്നും എന്നാൽ, പ്രധാനമന്ത്രി മോദിക്ക് നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഏപ്രിൽ 27ന് ഹിമാചൽപ്രദേശിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസംഗവും ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സമൂഹമാധ്യമ പോസ്റ്റുകകളും ഹരജിയിൽ പരാമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.