ഖുർആനിലെ സൂക്തങ്ങൾ നീക്കണമെന്ന ഹരജി; വസീം റിസ്വിക്കെതിരെ കേസ്
text_fieldsബറേലി: വിശുദ്ധ ഖുർആനിലെ 26 സൂക്തങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച യു.പി ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിക്കെതിരെ കേസ്. ഇത്തരമൊരു നീക്കത്തിലൂടെ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് 'അൻജുമൻ ഖുദ്ദാമി റസൂൽ' സെക്രട്ടറി ഷാൻ അഹ്മദും 'ഇത്തിഹാദെ മില്ലത്ത് കൗൺസിൽ' എന്ന സംഘടനയും നൽകിയ പരാതികളെ തുടർന്നാണ് തിങ്കളാഴ്ച യു.പിയിലെ കോത്വാലി പൊലീസ് സ്റ്റേഷനിൽ റിസ്വിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
'ഏതെങ്കിലും വിഭാഗത്തിെൻറ മതവിശ്വാസത്തെ വ്രണപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവവും വിദ്വേഷപരവുമായ പ്രവൃത്തി' എന്ന വകുപ്പ് ഉൾക്കൊള്ളുന്ന സെക്ഷൻ 295എ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു.
വസീം റിസ്വിക്കെതിരെ പ്രതിഷേധം തുടരുന്നു
അഹ്മദാബാദ്: റിസ്വിയുടെ നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഞായറാഴ്ച ലക്നോവിൽ പ്രതിഷേധപ്രകടനം നടന്നു. ശിയ നേതാവും മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ മൗലാന ഖൽബെ ജവാദ്, മൗലാന സയ്യിദ് ഹസ്നി നദ്വി, ബറേൽവി മുസ്ലിംകളിലെ പ്രമുഖനായ മുഫ്തി അഹ്സൻ റജാ ഖാദിരി തുടങ്ങിയവർ റിസ്വിക്കെതിരെ രംഗത്തുവന്നു. വസീം റിസ്വി ഖുർആനിെൻറയും ഇസ്ലാമിെൻറയും ശത്രുവാണെന്നും വഖഫ് അഴിമതിയിൽനിന്ന് സ്വന്തത്തെ രക്ഷിച്ചെടുക്കാൻ തരംതാഴ്ന്ന പ്രവൃത്തിയാണ് റിസ്വി ചെയ്യുന്നതെന്നും മുഫ്തി അഹ്സൻ റജാ ഖാദിരി പഞ്ഞു.
'സ്വയം പ്രഖ്യാപിത' ശിയ നേതാവിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനത്തെ മുക്കിലും മൂലയിലുമുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജനങ്ങൾ പരാതികളുമായി നീങ്ങണമെന്നും ഗുജറാത്തിലെ മതനേതൃത്വം ആവശ്യപ്പെട്ടു. മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയായ 'ഗുജറാത്ത് മുസ്ലിം ഹിത് രക്ഷക് സമിതി' റിസ്വിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാർഖെജ് പൊലീസ് സ്റ്റേഷനെ സമീപിച്ചു.
സമിതിയുടെ ആഭിമുഖ്യത്തിൽ അഹ്മദാബാദ് പൊലീസ് കമീഷണർക്കും ജില്ല കലക്ടർക്കും പരാതി അയച്ചതായും ഇതിനൊപ്പം റിസ്വിയുടെ അഭിമുഖത്തിെൻറ വിഡിയോ ക്ലിപ്പടങ്ങിയ സീഡിയും കൈമാറിയിട്ടുെണ്ടന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗുജറാത്ത് യൂനിറ്റ് സെക്രട്ടറി വസീഫ് ഹുസൈൻ ശൈഖ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇന്ത്യൻ പീനൽ കോഡും ഐ.ടി നിയമവും അനുസരിച്ച് മുസ്ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി കേസ് അടിയന്തരമായി തള്ളണമെന്നും റിസ്വിയെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ നേരേത്തതന്നെ രംഗത്തെത്തിയിരുന്നു. കേസ് തള്ളണമെന്നും ഖുർആൻ ഒരിക്കലും അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കുന്നില്ലെന്നും അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന മഹ്മൂദ് ദര്യാബാദി ആവശ്യപ്പെട്ടിരുന്നു.
ജനവികാരം വ്രണപ്പെടുത്താനുള്ള റിസ്വിയുടെ നീക്കത്തിനെതിരെ മുംബൈ ആസ്ഥാനമായുള്ള റാസ അക്കാദമി സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഖുർആനിൽ 26 സൂക്തങ്ങൾ ആദ്യ മൂന്നു ഖലീഫമാർ ചേർത്തതാണെന്നും അധികാരമുറപ്പിക്കൽ മാത്രമായിരുന്നു ലക്ഷ്യമെന്നും റിസ്വി ഹരജിയിൽ പറഞ്ഞിരുന്നു. ഇവ ജിഹാദിനും ഹിംസക്കും പ്രോത്സാഹനം നൽകുന്നവയാണെന്നായിരുന്നു കാരണം നിരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.