പ്രതിഷേധം കത്തി; അർധരാത്രി മുതൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും
text_fieldsന്യൂഡൽഹി: അടിക്കടി ഇന്ധന വില ഉയർത്തി ജനങ്ങളെ പരമാവധി ദ്രോഹിച്ചതിനൊടുവിൽ തീരുവ കുറച്ച് കേന്ദ്രം. കടുത്ത ജനരോഷത്തിനൊടുവിൽ എക്സൈസ് തീരുവ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇതുവഴി ഇന്ധന വില കുറയുമെങ്കിലും മൂന്നക്കത്തിൽതന്നെ തുടരും. പുതുക്കിയ നിരക്ക് വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു.
ഒരു ലിറ്റർ പെേട്രാളിന് ഇപ്പോൾ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിെൻറ കാര്യത്തിൽ 31.80 രൂപ. ഈ കനത്ത നികുതിയിൽനിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറക്കുന്നത്. അതേസമയം, തീരുവ ഏറ്റവുമൊടുവിൽ ഉയർത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോൾ ലിറ്ററിന് 40 രൂപയോളമാണ് ഉയർന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സർക്കാർ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാൻ ഇടയാക്കിയത്.
ദിനേനയെന്നോണമാണ് പെട്രോൾ, ഡീസൽ വില ഉയർന്നു കൊണ്ടിരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സർക്കാർ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്പനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാൻ സർക്കാർ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ദീപാവലി സമ്മാനമെന്ന നിലയിൽ ഇപ്പോൾ വിലകുറച്ചത്.
അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായ കുറവിനൊത്ത് ഇന്ത്യയിൽ പെേട്രാളിനും ഡീസലിനും വില കുറച്ചിരുന്നില്ല. എണ്ണ വില കുറയുന്നതിനൊത്ത് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് വികസനത്തിനെന്ന പേരിൽ ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് ചെയ്തുവന്നത്.
പെേട്രാൾ, ഡീസൽ എന്നിവയിൽനിന്ന് കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയിൽ കഴിഞ്ഞ ആറു മാസം കൊണ്ട് ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പ് ഈയിനത്തിൽ കിട്ടിയ നികുതി വരുമാനത്തിെൻറ 79 ശതമാനം വർധനവാണ് ഉണ്ടായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പിരിച്ചത് 1.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഈടാക്കിയ എക്സൈസ് ഡ്യൂട്ടി 1.28 ലക്ഷം കോടിയാണ്.
ഇന്ധന വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ പാചക വാതകത്തിനും മണ്ണെണ്ണക്കും കുത്തനെ വില കൂട്ടിയിരുന്നു. തിങ്കളാഴ്ച വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് 266 രൂപ വർധിപ്പിച്ചു. കഴിഞ്ഞ മാസം ആറിന് ഇരുവിഭാഗം സിലിണ്ടറുകൾക്കും വർധിപ്പിച്ചത് 15 രൂപ വീതം.
ഈ വർഷം ഇതുവരെ 721.50 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് ഈ വർഷം 205 രൂപയും കൂട്ടി.
റേഷൻ മണ്ണെണ്ണയുടെ വില ചൊവ്വാഴ്ച ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ, ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. മണ്ണെണ്ണ വിതരണത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് എട്ടു രൂപ കൂട്ടുന്നത്.
കേരളത്തിൽ പെട്രോൾ 105.41, ഡീസൽ 93.95 രൂപ
കൊച്ചി: ആളിപ്പടർന്ന ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ പെട്രോളിനും ഡീസലിനും കേന്ദ്രം എക്സൈസ് നികുതി കുറക്കുേമ്പാൾ കേരളത്തിൽ പെട്രോൾ വില ശരാശരി 105.41 രൂപയിൽ എത്തും. ഡീസൽ 93.95 രൂപയെന്ന നിരക്കിലും ലഭിക്കും.
അതേസമയം, ഇപ്പോഴത്തെ എക്സൈസ് നികുതിയിൽ വരുത്തിയ കുറവ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കൂട്ടിയതിെൻറ പകുതി പോലുമാകുന്നില്ല. 2014ൽ പെട്രോളിന് എക്സൈസ് നികുതി 9.48 രൂപയായിരുന്നത് ഇന്ന് 32.90 രൂപയാണ്. ഡീസലിന് അന്ന് എക്സൈസ് നികുതി 3.56 രൂപ ചുമത്തിയിരുന്നത് നിലവിൽ 31.80 രൂപയുമായി.
മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ ഒമ്പതുതവണയാണ് എക്സൈസ് നികുതി കൂട്ടിയത്. അതിലൂടെ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും 15 മാസം കൊണ്ട് വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.