കോവിഡ് ദുരന്തത്തിനിടയിലും ഇന്ധനക്കൊള്ള തുടരുന്നു; വിലകൂട്ടിയത് 26 തവണ, കുറച്ചത് മൂന്നുവട്ടം മാത്രം
text_fieldsകൊച്ചി: അസംസ്കൃത എണ്ണവിലയിൽ വലിയതോതിൽ കുറവുവന്നിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത് ഉയർന്ന വില. 13 ദിവസമായി പെട്രോളിന് എറണാകുളത്തെ വില ലിറ്ററിന് 90.28 രൂപയാണ്. ഡീസലിന് 84.83 രൂപയും. മാർച്ച് 24 മുതൽ നാലുതവണയായി 76 പൈസ മാത്രമാണ് അടുത്തിടെ പെട്രോളിനും ഡീസലിനുമായി കുറവുവന്നത്.
അതേസമയം, മാർച്ച് 11ന് അസംസ്കൃത എണ്ണ ബാരലിന് 69.63 ഡോളറായിരുന്നത് തിങ്കളാഴ്ച 64.89 ആയി. ഈവർഷം 26 തവണയാണ് എണ്ണക്കമ്പനികൾ ഇന്ധന വില ഉയർത്തിയത്. അതിലൂടെ പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയും വർധിപ്പിച്ചു. എന്നാൽ, അസംസ്കൃത എണ്ണ വിലയിൽ മാറ്റങ്ങൾ വന്നിട്ടും മൂന്നുതവണ മാത്രമാണ് വില കുറക്കാൻ കമ്പനികൾ തയാറായിട്ടുള്ളൂ.അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് രാജ്യത്ത് ഇന്ധന വില നിർണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം.
ഇന്നലെ മാത്രം അസംസ്കൃത എണ്ണ വിലയിൽ വന്ന കുറവ് 1.85 ശതമാനമാണ്. ബാരലിന് 4581 ഇന്ത്യൻ രൂപയിലേക്ക് വില എത്തി. ഏപ്രിൽ അഞ്ചിന് 62.15 ഡോളറായിരുന്നു വില. ഈ വില വ്യത്യാസത്തിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് പ്രധാന നഗരങ്ങളിൽ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും നിൽക്കുന്നതിനാൽ ഇന്ധന ആവശ്യകത കുറഞ്ഞത് വിലയിൽ കുറവുകാണിക്കേണ്ട ഘടകമാണ്. അതും വിലയിൽ പ്രതിഫലിക്കുന്നില്ല.
ശുദ്ധീകരിച്ച ഇന്ധനത്തിെൻറ ആഗോള വിലയും ഡോളർ വിനിമയ നിരക്കും കണക്കാക്കി 15 ദിവസത്തെ ശരാശരി വില അളവുകോലാക്കിയാണ് എണ്ണക്കമ്പനികൾ രാജ്യത്തെ ഇന്ധന വില നിർണയിക്കുന്നത്. ഫലത്തിൽ അസംസ്കൃത എണ്ണ വിലയിലെ കുറവ് ഉപഭോക്താക്കളിലേക്ക് എത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.