പിടിവിട്ട് ഇന്ധന വില; അഞ്ച് സംസ്ഥാനങ്ങളിൽ പെട്രോൾ വില നൂറ് കടന്നു
text_fieldsന്യൂഡൽഹി: ഇന്ധന വില പിടിവിട്ടു കുതിക്കുന്നു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറ് കടന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95 രൂപയായി. ഞായറാഴ്ച പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയുമാണ് കൂട്ടിയത്. മേയ് നാലിനു ശേഷമുണ്ടായ 20ാം വർധനയാണിത്.
ഇതോടെ പലയിടത്തും ഇന്ധന വില റെക്കോഡ് ഉയരത്തിലെത്തി. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ ലിറ്ററിന് നൂറ് കടന്നത്. ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 86 രൂപ കടന്നു. അന്താരാഷ്ട്ര എണ്ണ വിലയും കൂടുകയാണ്. രണ്ടു വർഷത്തിനിടെ ഒരു ബാരൽ ബെൻറ് ക്രൂഡ് ഓയിൽ വില 72 ഡോളറിന് (5267രൂപ) അടുത്തെത്തി.
ഇന്ധനത്തിന് ഏറ്റവും കൂടുതൽ വിൽപന നികുതി ചുമത്തുന്ന സംസ്ഥാനത്താണ് വിലവർധനയും കൂടുതൽ. രാജസ്ഥാനാണ് ഇന്ധനത്തിന് ഏറ്റവും കൂടുതൽ വിൽപനനികുതിയുള്ള സംസ്ഥാനം. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലും. രാജ്യത്താദ്യമായി പെട്രോൾ വില നൂറ് കടന്ന മെട്രോ നഗരം മുംബൈയാണ്. മേയ് 29ന് നൂറ് കടന്ന നഗരത്തിൽ ഇന്നലത്തെ വില 101.30 രൂപയാണ്. ഡീസൽ 93.35 രൂപയും. 20 പ്രാവശ്യത്തെ വർധന കൊണ്ട് പെട്രോളിന് കൂടിയത് 4.69 രൂപയും ഡീസലിന് കൂടിയത് 5.28 രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.