പെട്രോൾ, ഡീസൽ ചില്ലറ-മൊത്ത വിൽപന; 500 കോടി ആസ്തി നിർബന്ധം
text_fieldsന്യൂഡൽഹി: ഇന്ധന ചില്ലറ-മൊത്ത വിൽപന രംഗത്ത് എണ്ണക്കമ്പനികൾ അല്ലാത്തവർക്കും അവസരം അനുവദിച്ച് കേന്ദ്രം. 500 കോടി രൂപ ആസ്തിയുള്ള ഏതു കമ്പനിക്കും പെട്രോൾ, ഡീസൽ ചില്ലറ വിൽപനക്ക് ലൈസൻസ് അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ചില്ലറ വിൽപന മാത്രമെങ്കിൽ 250 കോടിയും ചില്ലറ, മൊത്ത വിൽപനകളെങ്കിൽ 500 കോടിയും ആസ്തി വേണം.
കഴിഞ്ഞ വർഷമാണ് എണ്ണക്കമ്പനികൾ അല്ലാത്തവക്കും അവസരം നൽകാൻ നേരത്തേയുള്ള നിബന്ധനകളിൽ ഇളവ് അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചത്. അതുവരെയും പര്യവേക്ഷണം, ഉൽപാദനം, സംസ്കരണം, പൈപ്ലൈൻ തുടങ്ങി വിവിധ മേഖലകളിലായി ചുരുങ്ങിയത് 2000 കോടി നിക്ഷേമുള്ള കമ്പനികൾക്ക് മാത്രമായിരുന്നു ചില്ലറ വിൽപന ലൈസൻസ് അനുവദിച്ചത്.
വിദേശ കമ്പനികൾ ഉൾപ്പെടെ സ്വകാര്യ മേഖലക്ക് ഈ മേഖലയിൽ ചുവടുറപ്പിക്കാൻ പുതിയ നീക്കം വഴിവെക്കും. ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എസ്.എ, സൗദി അരാംകോ, യു.കെയിലെ ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയവ നേരത്തേ താൽപര്യം പ്രകടിപ്പിച്ചവയാണ്. ടോട്ടൽ അദാനിയുമായി സഹകരിച്ച് 2018ൽ ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. 1500 പമ്പുകളാണ് ഇവ ലക്ഷ്യമിടുന്നത്. പ്യൂമ എനർജിയും അപേക്ഷ നൽകിയിട്ടുണ്ട്. അരാംകോ ചർച്ചകൾ തുടരുകയാണ്.
ലൈസൻസ് ലഭിക്കുന്ന കമ്പനികൾ അഞ്ചു വർഷത്തിനിടെ മൊത്തം ചില്ലറ വിൽപനശാലകളുടെ അഞ്ചു ശതമാനം ഗ്രാമങ്ങളിൽ തുടങ്ങുക, ബദൽ ഊർജ സ്രോതസ്സുകൾക്ക് പ്രാമുഖ്യം നൽകുക തുടങ്ങിയ നിബന്ധനകൾ പാലിക്കണം. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവയാണ് നിലവിൽ ഇന്ത്യയിൽ കൂടുതൽ പമ്പുകൾ നടത്തുന്നത്. രാജ്യത്ത് 69,924 പെട്രോൾ പമ്പുകളാണ് നിലവിലുള്ളത്. റിലയൻസ്, എസ്സാർ, റോയൽ ഡച്ച് ഷെൽ എന്നിവക്കും പമ്പുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.