എക്സൈസ് തീരുവ ഇളവ്; പെട്രോളിനും ഡീസലിനും വില കുറയും
text_fieldsന്യൂഡൽഹി: പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്സൈസ് തീരുവ കുറച്ചു. ഇളവ് ബുധനാഴ്ച പുലർച്ചെ പ്രാബല്യത്തിലായി. അസംസ്കൃത എണ്ണവില അടിക്കടി ഉയരുന്ന നിർബന്ധിതാവസ്ഥയിലാണ് സർക്കാർ തീരുമാനം. എന്നാൽ എണ്ണവില താഴ്ന്നുനിന്നേപ്പാൾ പലപ്പോഴായി വർധിപ്പിച്ച എക്സൈസ് തീരുവയുടെ പത്തിലൊന്നു മാത്രമാണ് ഇപ്പോൾ കുറച്ചിട്ടുള്ളത്.
രണ്ടു രൂപ അടിസ്ഥാന തീരുവ കുറച്ചതു വഴി നടപ്പുവർഷം സർക്കാറിന് 13,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്ന് അധികൃതർ വിശദീകരിച്ചു. ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാന നഷ്ടം 26,000 കോടി വരും. എന്നാൽ വിലക്കുറവിെൻറ ആനുകൂല്യം ഉപയോക്താക്കളിലേക്ക് കൈമാറാതെ പല തവണയായി തീരുവ ഉയർത്തിയതു വഴി സർക്കാർ പ്രതിവർഷം ഖജനാവിലേക്ക് മുതൽക്കൂട്ടുന്ന 2.42 ലക്ഷം കോടിയോളം രൂപയുമായി തട്ടിച്ചു നോക്കുേമ്പാഴാണ്, ഇപ്പോഴത്തെ തീരുവ ഇളവ് മേെമ്പാടി മാത്രമാണെന്ന് ബോധ്യപ്പെടുക.
ദിനേന വില പുതുക്കുന്ന രീതി ജൂൺ പകുതിയോടെ നടപ്പാക്കി തുടങ്ങിയ ശേഷം പെട്രോൾ, ഡീസൽ വിലയിൽ എട്ടു ശതമാനം വർധനവാണ് ഉണ്ടായത്. ഇത്തരത്തിൽ വില ഉയർന്നുപോയാൽ സാധന ഉപഭോഗം കുറഞ്ഞ് നാണ്യപ്പെരുപ്പം ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാറിന് ലഭിച്ചിരുന്നു. തീരുവ കുറച്ച് ജനത്തിന് ആശ്വാസം പകരാൻ തയാറല്ലെന്ന മനസ്സാണ് കഴിഞ്ഞ ദിവസങ്ങളിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കമുള്ളവർ ആവർത്തിച്ചുവന്നത്.
സംസ്ഥാനങ്ങൾ നികുതിയിളവ് നൽകി ഇന്ധന വില കുറക്കണമെന്ന ന്യായവാദവും ഇതിനിടയിൽ ഉയർത്തിയിരുന്നു. എണ്ണവില ഉയർന്നുകൊണ്ടിരിക്കുന്നതുവഴി ഉണ്ടാകുന്ന നാണ്യപ്പെരുപ്പവും വിലക്കയറ്റവും പരിഗണിച്ചാണ് ചില്ലറ ആശ്വാസത്തിന് സർക്കാർ ഇപ്പോൾ തയാറായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി പെട്രോളിെൻറയും ഡീസലിെൻറയും വില ഉയർന്ന് ഡൽഹിയിൽ ലിറ്ററിന് യഥാക്രമം 70.83 രൂപയും 59.07 രൂപയുമായെന്ന് സർക്കാർ വീശദീകരിച്ചു. മൊത്തവ്യാപാര വിലസൂചിക അടിസ്ഥാനപ്പെടുത്തിയുള്ള നാണ്യപ്പെരുപ്പ നിരക്ക് ഇതുവഴി ആഗസ്റ്റിൽ 3.24 ശതമാനം വർധിച്ചു. ജൂൈലയിൽ ഇത് 1.88 ശതമാനം മാത്രമായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.