കുതിപ്പ് കൊല്ലും വേഗത്തിൽ; ഇന്ധനക്കൊള്ളയിൽ മറ്റു രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ
text_fieldsരാജ്യത്ത് ഇന്ധന വില ഓരോ ദിനവും കൂട്ടി 100 കടത്തി പെട്രോൾ കമ്പനികളും അനുഗ്രഹാശിസ്സുകളുമായി ഒപ്പംനിന്ന് സർക്കാറും ഓരോ ഇന്ത്യക്കാരന്‍റെയും ഉറക്കം കെടുത്തുേമ്പാൾ ഒപ്പമെത്താൻ 'പാടുപെട്ട്' മറ്റു രാജ്യങ്ങൾ. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വില ഇതിനകം 100 കടന്നുകഴിഞ്ഞു. കേരളത്തിലും പ്രിമിയം പെട്രോൾ 100 രൂപക്കു മേലെത്തി. സാധാരണ പെട്രോളിന് വില സെഞ്ച്വറി അടിക്കാൻ മൂന്നു രൂപയിൽ താഴെ മാത്രം ബാക്കി. തെരഞ്ഞെടുപ്പ് കണ്ട മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില ഉയർത്താതെ ക്ഷമയോടെ നിന്ന പെട്രോളിയം കമ്പനികളാണ് അതുകഴിഞ്ഞതിന്‍റെ രണ്ടാം നാൾ മുതൽ തുടർച്ചയായി വില കൂട്ടിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ വർധനക്കൊപ്പം സർക്കാറുകളുടെ കണക്കറ്റ നികുതിയും ചേരുേമ്പാൾ വർധന എവിടെ ചെന്നുതൊടുമെന്ന ആധിയിലാണ് ജനം.
നികുതി വേട്ട
ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞുനിന്ന ഘട്ടങ്ങളിൽ പോലും നികുതി പിരിക്കാൻ ആവേശം മുന്നിൽനിന്നപ്പോൾ ഇന്ത്യയിൽ വില കുതിക്കുന്നതായിരുന്നു കാഴ്ച. കഴിഞ്ഞ വർഷം ഡിസംബറിനും കഴിഞ്ഞ ഏപ്രിലിനുമിടയിൽ അസംസ്കൃത എണ്ണക്ക് ആഗോള വിപണിയിൽ വില കുറഞ്ഞുനിന്നപ്പോഴും ഇന്ത്യയിൽ മാത്രം വില കൂടി, പല തവണ. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് കൂടിയത് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് ആറു രൂപയുമാണ്.
2019 ജനുവരിയിലുണ്ടായിരുന്നതിനെക്കാൾ ചെറിയ വില വർധനയേ രണ്ടു വർഷത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ സംഭവിച്ചുള്ളൂ. പക്ഷേ, അന്ന് ഡൽഹിയിൽ 68.75 രൂപയായിരുന്ന വില ഇത്രയും കാലത്തിനിടെ കുതിച്ച് 100നടുത്തെത്തി. കേന്ദ്ര ഭരണം നിലനിൽക്കുന്ന ഇവിടെ മാത്രം 58.6 ശതമാനമാണ് നികുതിയായി സർക്കാറുകൾ പിരിച്ചെടുക്കുന്നത്.
2014 മേയ് മാസത്തിലുണ്ടായിരുന്നതിനെ അപേക്ഷിച്ച് 2021 മേയ് മാസമെത്തുേമ്പാൾ അസംസ്കൃത എണ്ണക്ക് വില 21 ശതമാനം കുറവാണ്. പക്ഷേ, ആ സമയത്തിനിടെ നികുതിയും തീരുവയും കമീഷനും ചേർന്ന് വർധിച്ചത് 139 ശതമാനമാണ്. കേന്ദ്രത്തിന്‍റെ നികുതി വിഹിതം മാത്രം 216 ശതമാനം വർധിച്ചു. ആനുപാതികമായി സംസ്ഥാനങ്ങൾക്കും കൂടി. എന്നിട്ടും കുറക്കുന്നത് പോയിട്ട് ഇനിയും കൂടാെത സംരക്ഷിക്കാൻ പോലും ജനം തെരഞ്ഞെടുത്ത സർക്കാറുകൾ താൽപര്യം കാണിക്കുന്നില്ലെന്നതാണ് കൗതുകം.
അയൽ രാജ്യങ്ങളിൽ കുറവ്, ഇന്ത്യ നമ്പർ വൺ
കോവിഡ് ഏറ്റവും ഭീതിദമായി രാജ്യത്തെ ഉലക്കുന്ന ദിനങ്ങളിലും അടിയന്തര നടപടിയായി രാജ്യം ജാഗ്രത പുലർത്തിവരുന്നത് പെട്രോൾ, ഡീസൽ വില കൂട്ടുന്നതിലാണ്. ഇന്ത്യയിൽ വില 100 തൊട്ടെങ്കിലും ചൈന, ബംഗ്ലദേശ്, നേപാൾ, ഭൂട്ടാൻ, പാകിസ്താൻ എന്നിവയൊക്കെയും ഇന്ത്യെയക്കാൾ ബഹുദൂരം പിറകിൽ നിൽക്കുന്നു. പാകിസ്താനിൽ ഇത് പകുതിയേ വരൂ.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണക്ക് 71 ഡോളറാണ് കഴിഞ്ഞ ദിവസം വില. മേയ് 2019നു ശേഷം ആദ്യമായാണ് വില ഇത്രയുമെത്തുന്നത്. കോവിഡ് കാരണം നിയന്ത്രണത്തിലായ ഉൽപാദനം ലോകം തിരിച്ചെത്തിയിട്ടും പൂർണ തോതിലാകാതത്താണ് വില കൂടാനിടയാക്കിയത്. 2020ൽ ആഗോള ഉപഭോഗം കുത്തനെ ഇടിഞ്ഞപ്പോൾ പെട്രോളിയം വില 19 ഡോളർ വരെ എത്തിയിരുന്നുവെന്നതും ശ്രദ്ധിക്കണം. കഴിഞ്ഞ ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനം 10 ലക്ഷം ബാരൽ കുറച്ചിരുന്നു. അതിൽ നാലിലൊന്നു മാത്രമേ ഇതിനകം പുനഃസ്ഥാപിച്ചുള്ളൂ. അവശേഷിച്ച ഏഴര ലക്ഷം ബാരൽ ജൂൺ, ജൂലൈ മാസങ്ങളിലായി പൂർണമാക്കുമെന്നാണ് സൂചന. മറ്റു ഒപെക് രാജ്യങ്ങൾ കൂടി പരിഗണിച്ചാൽ ജൂണിൽ മൂന്നര ലക്ഷം ബാരലും ജൂലൈയിൽ 4,41,000 ബാരലും പുനഃസ്ഥാപിക്കാനുണ്ട്. ഇവ പൂർണമാകുംവരെ അന്താരാഷ്ട്ര വിപണിയിൽ വില വർധനയും തുടർന്നേക്കും. അത് അവസരമായി കണ്ട് ഇന്ത്യയിലും വില കൂട്ടും.
അന്താരാഷ്ട്ര വിപണിയിലെ വില കൂടുന്നതിന് ആനുപാതികമായി ഇന്ത്യയിലും വില ഉയർന്നാൽ രാജ്യത്ത് പണപ്പെരുപ്പം മുതൽ വിലക്കയറ്റം വരെ കാത്തിരിക്കുന്നത് ഗുരുതരമായ അനവധി പ്രശ്നങ്ങൾ. കോവിഡിൽ ഗ്രാമീണ ഇന്ത്യ നിശ്ചലമാകുകയും കൂടുതൽ ദരിദ്രമാകുകയും ചെയ്തിട്ടും അതുപരിഗണിക്കാതെ വിലകൂട്ടൽ യജ്ഞം തുടരുന്നതിനെതിരെ കോടതികൾ വരെ രംഗത്തെത്തിയിട്ടുണ്ട്. അതുപക്ഷേ, അറിയാത്ത മട്ടിൽ നടപടികൾക്ക് മടിച്ചുനിൽക്കുകയാണ് സർക്കാറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.