പെട്രോളിന് 25 രൂപ സബ്സിഡി നാളെ മുതൽ; ഝാര്‍ഖണ്ഡ് സർക്കാർ ആപ്പ് പുറത്തിറക്കി
text_fieldsറാഞ്ചി: റേഷൻ കാർഡുള്ള ഇരുചക്ര വാഹനയുടമകൾക്ക് പെട്രോളിന് 25 രൂപ സബ്‌സിഡി നല്‍കുന്ന ഝാര്‍ഖണ്ഡ് സര്‍ക്കാറിന്റെ പദ്ധതി നാളെ മുതൽ നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആപ്പ് പുറത്തിറക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഝാര്‍ഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് സബ്‌സിഡി ലഭിക്കുന്നത്. ഒരു മാസത്തില്‍ പരമാവധി 10 ലിറ്റര്‍ പെട്രോളാണ് 25 രൂപ സബ്‌സിഡിയില്‍ ലഭിക്കുക. കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചപദ്ധതി റിപ്പബ്ലിക് ദിനമായ ബുധനാഴ്ച മുതലാണ് പ്രാബല്യത്തില്‍വരുന്നത്.
CM-SUPPORTS എന്ന ആപ്പാണ് പദ്ധതി നടപ്പാക്കാനായി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം ഇരുചക്രവാഹനങ്ങള്‍ കൈവശമുള്ള സംസ്ഥാനത്തെ പിങ്ക്, ഗ്രീന്‍ റേഷന്‍ കാര്‍ഡുടമകൾക്കാണ് ഒരു മാസത്തില്‍ പരമാവധി 10 ലിറ്റര്‍ പെട്രോള്‍ 25 രൂപ സബ്‌സിഡിയില്‍ ലഭിക്കുക. ഇവർക്ക് ആപ്പ് വഴിയോ jsfss.jharkhand.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ സൗകര്യം പ്രയോജനപ്പെടുത്താം.
അപേക്ഷകന്‍ തന്റെ റേഷന്‍ കാര്‍ഡും ആധാര്‍ നമ്പറും നല്‍കണം. അതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ലോഗിന്‍ ചെയ്യാൻ ഉപയോഗിക്കേണ്ടത് അപേക്ഷകന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ ആണ്. ഗൃഹനാഥന്റെ ആധാര്‍ നമ്പറിന്റെ അവസാന എട്ട് അക്കങ്ങള്‍ ആണ് പാസ്വേർഡ്. ഒ.ടി.പി വെരിഫിക്കേഷന് ശേഷം വാഹനത്തിന്റെ നമ്പറും ലൈസന്‍സ് ഐഡിയും രേഖപ്പെടുത്തണം. ഝാര്‍ഖണ്ഡിൽ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ സബ്‌സിഡി ലഭിക്കൂ. ബാങ്ക് അക്കൗണ്ട് നമ്പറും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തണം. സബ്‌സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലാണ് എത്തുക. അതിന് മുമ്പായി ഗുണഭോക്താവ് എല്ലാ മാസവും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കണം.
അധികാരത്തിലെത്തി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 29നാണ് ഹേമന്ത് സോറന്‍ പെട്രോള്‍ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചത്. ഝാര്‍ഖണ്ഡ് ഭക്ഷ്യ വിതരണ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് പെട്രോളിന് സബ്സിഡി നല്‍കേണ്ടി വരുമെന്നാണ് പറയുന്നത്. ഇതനുസരിച്ച് സർക്കാറിന് പ്രതിമാസം 50 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.