പി.എഫ് പെൻഷൻ: കേന്ദ്രത്തിന്‍റെ കണക്ക് വ്യാജമെന്ന് ജീവനക്കാർ
text_fieldsന്യൂഡൽഹി: ലക്ഷക്കണക്കിന് കോടികൾ സഞ്ചിതനിധിയിലും ആയിരക്കണക്കിന് കോടി പലിശയിനത്തിലും കൈയിൽവെച്ച് പി.എഫ് പെൻഷന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ നിരത്തുന്ന കണക്ക് വ്യാജമാണെന്ന് മലപ്പുറം ജില്ല സഹകരണ ബാങ്കിലെ ജീവനക്കാർ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.മലപ്പുറം ജില്ല സഹകരണ ബാങ്കിലെ 126 ജീവനക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കേന്ദ്ര സർക്കാറിന്‍റെ പ്രധാന തടസ്സവാദം പൊളിച്ചത്.
പി.എഫ് പെൻഷൻ ശമ്പളത്തിന് ആനുപാതികമാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും സമർപ്പിച്ച ഹരജികളിൽ വാദംകേൾക്കുകയായിരുന്നു സുപ്രീംകോടതി. കേരള ഹൈകോടതി വിധി റദ്ദാക്കാൻ കാരണമായി പറയുന്നത് വൻ സാമ്പത്തികബാധ്യതയാണെന്നും എന്നാൽ അത്തരമൊരു ബാധ്യതയില്ലെന്നും ഇ.പി.എഫ്.ഒയുടെതന്നെ പോയ സാമ്പത്തികവർഷങ്ങളിലെ കണക്കുകൾ ഹാജരാക്കി ജയന്ത് മുത്തുരാജ് ബോധിപ്പിച്ചു.
2016 മുതൽ 2022 വരെ ഇ.പി.എഫ്.ഒ തന്നെ പ്രസിദ്ധപ്പെടുത്തിയ കണക്കുകൾ സുപ്രീംകോടതി മുമ്പാകെ നിരത്തിയ അഭിഭാഷകൻ സഞ്ചിതനിധിയും അതിന്‍റെ പലിശയും മാത്രം മതി നിലവിലുള്ള എല്ലാവർക്കും പെൻഷൻ കൊടുക്കാനെന്ന് പറഞ്ഞു. കേരള ഹൈകോടതി വിധി നടപ്പാക്കാൻ തങ്ങളുടെ കൈയിൽ പണമുണ്ടാകില്ലെന്ന് പറഞ്ഞ് കേന്ദ്രം സുപ്രീംകോടതിയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുത്തുരാജ് കുറ്റപ്പെടുത്തി.
2014ൽ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനവിരുദ്ധമാണെന്നും കേരള ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജികൾ തള്ളണമെന്നും അദ്ദേഹം വാദിച്ചു. മൂന്നു കാരണങ്ങൾകൊണ്ടാണ് 2014ലെ നിയമഭേദഗതി നിയമവിരുദ്ധമാകുന്നത്. പെൻഷൻ കണക്കാക്കുന്നതിന് 12 മാസത്തെ ശരാശരി ശമ്പളം എന്നത് മാറ്റി പകരം അഞ്ചു വർഷത്തെ ശമ്പള ശരാശരിയാക്കിയതാണ് ഒന്നാമത്തെ നിയമലംഘനം. അതോടെ പെൻഷനായി കിട്ടുന്ന തുക കുത്തനെ കുറയും. 2014നുമുമ്പ് അപേക്ഷിച്ചവർക്കു മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വേണമെന്ന് പറയാവൂ എന്ന് നിബന്ധന വെച്ചതാണ് രണ്ടാമത്തെ തെറ്റ്.
15,000ത്തിനു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായി ജീവനക്കാരുടെ പെൻഷൻ അംശാദായം കണക്കാക്കുമ്പോൾ 15,000ത്തിനു മുകളിൽ വരുന്ന തുകയുടെ സർക്കാർ വിഹിതമായ 1.66 ശതമാനവും ജീവനക്കാർ നൽകണമെന്നത് മൂന്നാമത്തെ തെറ്റ് എന്നും അദ്ദേഹം ബോധിപ്പിച്ചു. അധിക ബാധ്യത സംബന്ധിച്ച് പ്രചരിപ്പിക്കുന്ന കണക്ക് വ്യാജമാണോ എന്ന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഗുജറാത്ത് വൈദ്യുതി ബോർഡ്, ഭാരത് എർത്ത് മൂവേഴ്സ് തുടങ്ങി 17 കക്ഷികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ചോദിച്ചു. അതിശയോക്തിപരമായ ഈ കണക്ക് എങ്ങനെ കിട്ടിയതാണെന്നും അദ്ദേഹം ചോദിച്ചു.
ശമ്പളം എത്രയാണെങ്കിലും ജീവനക്കാരിൽനിന്ന് 12 ശതമാനം പ്രോവിഡന്‍റ് ഫണ്ടിലേക്ക് പിടിക്കുമ്പോൾ അതിന്‍റെ 8.33 ശതമാനം പി.എഫ് പെൻഷന്‍റെ ജീവനക്കാരുടെ വിഹിതമായി മാറ്റണമെന്നും അത് വേണ്ട, 15,000 രൂപയുടെ 8.33 ശതമാനം മതിയെന്ന് പറയാൻ സർക്കാറിന് അധികാരമില്ലെന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വാദത്തിന് തുടക്കമിട്ട അഡ്വ. കൈലാസനാഥ പിള്ള വാദിച്ചു.
കൈകാര്യം ചെയ്യുന്നത് ആരായാലും പി.എഫ് ഒന്നുതന്നെ
കൈകാര്യം ചെയ്യുന്നത് ഇ.പി.എഫ്.ഒ ആയാലും സ്വകാര്യ ട്രസ്റ്റുകളായാലും പ്രോവിഡന്‍റ് ഫണ്ട് ഒന്നുതന്നെയാണെന്നും അവ രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കുവേണ്ടി ഹാജരായ അഡ്വ. വെങ്കിട്ട രമണ വാദിച്ചു.പിന്നെന്തുകൊണ്ടാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ട പി.എഫ് പെൻഷൻകാരുടെ ആവശ്യം പരിഗണിക്കുന്നതിൽ പ്രശ്നമെന്ന് വെങ്കിട്ട രമണ ചോദിച്ചു.
ഇത്തരം കൃത്രിമമായ വ്യത്യാസങ്ങൾ അടിസ്ഥാന വ്യത്യാസങ്ങളാക്കി അവതരിപ്പിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പെൻഷനെപ്പോലെ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട ഒരു നിയമം ഉണ്ടാക്കുമ്പോൾ ജനങ്ങളുടെ പ്രതീക്ഷകളേക്കാൾ മുന്നോട്ടുപോകുകയാണ് വേണ്ടത്. അതിൽനിന്ന് പിറകോട്ടുപോകുകയല്ല. എന്നാൽ, സർക്കാർ പിറകോട്ടുപോകുകയാണെന്നും വെങ്കിട്ട രമണ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.