പി.എഫ് പെൻഷൻ: രേഖാമൂലം മറുപടി നൽകാൻ പാർലമെൻറ് സമിതി നിർദേശം
text_fieldsന്യൂഡൽഹി: പി.എഫ് പെൻഷൻ അടക്കം തൊഴിലാളികളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ കൃത്യമായ വിശദീകരണം രണ്ടാഴ്ചക്കകം എഴുതി നൽകണമെന്ന് തൊഴിൽ മന്ത്രാലയത്തിനും ഇ.പി.എഫ് ഓർഗനൈസേഷനും പാർലമെൻറ് സമിതിയുടെ നിർദേശം. കൃത്യമായ വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറിയതിനെ തുടർന്നാണ ്തൊഴിൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഇടപെടൽ.
നിരവധി ചോദ്യങ്ങളാണ് പാർലമെൻറ് സമിതിയിൽ മന്ത്രാലയത്തിനും ഇ.പി.എഫ്.ഒക്കും നേരിടേണ്ടി വന്നത്. പുതിയ തൊഴിൽ ചട്ടങ്ങൾ കൊണ്ടുവന്നപ്പോൾ ഇ.പി.എഫ് നിയമം ഇല്ലാതായത് തൊഴിലാളികളെ എങ്ങനെ ബാധിക്കും, ചട്ടങ്ങളുടെ കാര്യത്തിൽ ഇ.പി.എഫ്.ഒ മുന്നോട്ടുവെച്ച നിർദേശം സ്വീകരിച്ചിട്ടുണ്ടോ എന്നും അംഗങ്ങൾ ആരാഞ്ഞു.
പി.എഫ് മിനിമം പെൻഷൻ 2,000 രൂപയാക്കണമെന്ന വിദഗ്ധ സമിതി നിർദേശവും 3000 രൂപയാക്കണമെന്ന പാർലമെൻറ് കമ്മിറ്റി നിർദേശവും ഉണ്ടായിരിക്കേ, അതു നടപ്പാക്കാത്തതിന് വ്യക്തമായ കാരണം ബോധിപ്പിക്കണം. പി.എഫ് പെൻഷൻ ഫണ്ട് ഉപയോഗിച്ചു മാത്രം പെൻഷൻ വർധന നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാറിൽ നിന്ന് അധിക സഹായം കിട്ടണമെന്നുമാണ് ബന്ധപ്പെട്ടവർ യോഗത്തിൽ വിശദീകരിച്ചത്.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകുന്നതിന് ട്രസ്റ്റി ബോർഡിെൻറ അനുമതി തേടിയില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. പുനഃപരിശോധന ഹരജി നിലനിൽക്കുന്ന കാരണം പറഞ്ഞ് ഉയർന്ന പെൻഷൻ നിഷേധിക്കുകയാണ് ചെയ്യുന്നത്.
പി.എഫ് പെൻഷെൻറ ശമ്പളപരിധി 15,000 രൂപയായി തുടരുന്നതു വഴി തൊഴിലുടമകളെ സഹായിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പുതിയ തൊഴിൽ ചട്ടം കൊണ്ടുവന്നപ്പോൾ പി.എഫ് വിഹിതം 10 ശതമാനമാക്കി ചുരുക്കിയത് തൊഴിലുടമകളെ സഹായിക്കാനാണ്.
ഇത് തൊഴിലാളിയെ എങ്ങനെ ബാധിക്കുന്നുവെന്ന് രേഖാമൂലം പാർലമെൻറ് സമിതിയെ അറിയിക്കണം. 13.70 ലക്ഷം കോടി രൂപ വരുന്ന പി.എഫ് സഞ്ചിത നിധി ഓഹരി വിപണിയിൽ നിക്ഷേപിച്ചതു വഴി കോവിഡ് കാലത്ത് ഉണ്ടായ നഷ്ടം എത്രയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല.
4600 കോടി രൂപ മാത്രമാണ് ഇങ്ങനെ നിക്ഷേപിച്ചതെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചെങ്കിലും അംഗങ്ങൾ തൃപ്തരായില്ല. ബി.ജെ.ഡി നേതാവ് ഭർതൃഹരി മെഹ്താബ് അധ്യക്ഷനായ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ കേരളത്തിൽനിന്ന് എളമരം കരീമും പങ്കെടുത്തിരുന്നു. തൊഴിൽ മന്ത്രാലയ സെക്രട്ടറി, പി.എഫ് കമീഷണർ തുടങ്ങിയവർ സഭാ സമിതി മുമ്പാകെ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.