പാസ്ബുക്കും ചെക്ക് ലീഫും അപ്ലോഡ് ചെയ്യേണ്ട; പി.എഫ് തുക പിൻവലിക്കൽ ഇനി എളുപ്പം
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇ.പി.എഫ്) നിന്ന് തുക പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി. ബാങ്ക് പാസ്ബുക്കിന്റെയോ ചെക്ക് ലീഫിന്റെയോ ചിത്രം ഓൺലൈനിൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധനയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യു.എ.എന്‍) ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിലുടമയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
പുതുക്കിയ കെ.വൈ.സി നൽകിയവർക്ക് കഴിഞ്ഞ മേയ് 28 മുതൽ പാസ്ബുക്ക് ചിത്രം അപ്ലോഡ് ചെയ്യണമെന്ന നിബന്ധന പരീക്ഷണാടിസ്ഥാനത്തിൽ ഒഴിവാക്കിയിരുന്നു. ഓരോ അംഗവും പിന്‍വലിച്ച പി.എഫ് തുക അവരുടെ അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ എത്തുന്നതിന് ബാങ്ക് അക്കൗണ്ട് യു.എ.എന്‍ ഉപയോഗിച്ച് സീഡ് ചെയ്യണം. തൊഴിലുടമ ഈ പ്രക്രിയ അംഗീകരിക്കാൻ പത്തുദിവസത്തിലേറെ എടുത്തിരുന്നു. മാത്രമല്ല, തൊഴിലുടമയുടെ ജോലിഭാരവും കൂടും. ഇത് ഒഴിവായതോടെ പിൻവലിച്ച തുക കുറഞ്ഞ ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തും.
അതിനിടെ പ്രോവിഡന്റ് ഫണ്ട് ഓട്ടോ സെറ്റിൽമെന്റ് പരിധി ഒരു ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്താൻ നീക്കമുണ്ട്. ഇതോടെ അഞ്ചുലക്ഷം വരെ തൽക്ഷണം പിൻവലിക്കാൻ കഴിയും. ഒരു ലക്ഷത്തിന് മുകളിലുള്ള തുക പിൻവലിക്കാൻ മാനുവൽ വെരിഫിക്കേഷനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് മാറാൻ പോകുന്നത്. 2025 മേയ് -ജൂൺ മാസത്തോടെ എ.ടി.എം, യു.പി.ഐ എന്നിവ ഉപയോഗിച്ച് പി.എഫ് തുക പിൻവലിക്കാൻ കഴിയുന്ന സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഇ.പി.എഫ്.ഒ കേന്ദ്രീകൃത ഡേറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.