ശബ്ദം മാറ്റി സ്ത്രീ അധ്യാപികയെന്ന വ്യാജേന ഫോൺ സംഭാഷണം; പിന്നാലെ വിളിച്ചുവരുത്തി പീഡനം; ഏഴ് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ വനിതാ അധ്യാപകയെന്ന വ്യാജേനയെത്തി വിദ്യാർഥികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 30കാരൻ പിടിയിൽ. സംഭവത്തിൽ പ്രജേഷ് പ്രജാപതി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴോളം പെൺകുട്ടികളെ ഇയാൾ ബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്. പീഡിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരാണ്.
മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. സ്കോളർഷിപ്പിനെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വോയിസ് ചേഞ്ചിങ് ആപ് ഉപയോഗിച്ച് സ്ത്രീ ശബ്ദത്തിലായിരുന്നു പ്രതി കുട്ടികളെ ബന്ധപ്പെട്ടിരുന്നത്. കോളേജ് അധ്യാപികയെന്ന വ്യാജേന കുട്ടികളുമായി സംസാരിക്കുകയും കൂടുതൽ വിവരങ്ങളറിയാനും സ്കോളർഷിപ്പ് നേടാനും നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം കുട്ടികളെ ലൈംഗിമായി പീഡിപ്പിക്കുകയുമായിരുന്നു. മകൻ തങ്ങളെ കൂട്ടാൻ വരുമെന്ന് കുട്ടികളെ വിശ്വസിപ്പിച്ച ശേഷം പ്രതി തന്നെ സ്ഥലത്തെത്തി കുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷമായിരുന്നു സംഭവം.
പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ഇവരുടെ ഫോൺ ഇയാൾ കൈവശപ്പെടുത്തുമായിരുന്നു. ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. നാല് പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രജാപതിയുടെ സഹായികളായ ലവ്കുശ് പ്രജാപതി, രാഹുൽ പ്രജാപതി എന്നിവരെെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോളേജ് വിദ്യാർഥിയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ. കോളേജിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നായിരുന്നു ഇയാൾ നമ്പറുകൾ ശേഖരിച്ചിരുന്നത്.
മെയ് 16നായിരുന്നു സംഭവത്തിൽ ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെടുന്നത്. പിന്നീട് മെയ് 18, മെയ് 23 തീയതികൾ സമാന രീതിയിൽ മറ്റ് പരാതികളും ലഭിച്ചു.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഒൻപത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഇത്തരം നീചമായ പ്രവർത്തികൾ ചെയ്യുന്നവർ സമൂഹത്തിന് ദേഷമാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.