പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: ആപ്പിൾ പ്രതിനിധിയെ പാർലമെന്റ് സമിതി വിളിച്ചു വരുത്തും
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ ഫോണുകൾ സർക്കാർ സ്പോൺസേർഡ് ഹാക്കർമാർ ചോർത്തുന്നുണ്ടെന്ന ടെക് ഭീമൻ ആപ്പിളിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾക്ക് കളമൊരുങ്ങുന്നു.
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമിറ്റി ആപ്പിൾ പ്രതിനിധിയെ വിളിച്ചു വരുത്തുമെന്നാണ് വിവരം. സമിതിയുടെ അടുത്ത മീറ്റിങ്ങിൽ വിഷയം ഉന്നയിക്കുമെന്ന് കോൺഗ്രസ് അംഗമായ കാർത്തി ചിദംബരം അറിയിച്ചു. ആശങ്കയുണ്ടാക്കുന്ന വിഷയമാണിത്. ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്ന് കാർത്തി ചിദംബരം പറഞ്ഞു.
ഗൗരവത്തോടെയാണ് പാർലമെന്ററി സമിതി വിഷയം പരിഗണിക്കുന്നതെന്നാണ് വിവരം. ശിവസേന എം.പി പ്രതാപ്റാവു ജാദവാണ് സമിതിയുടെ തലവൻ. 31 അംഗങ്ങളാണ് സമിതിയിലുള്ളത്. അതേസമയം, സമിതിയുടെ അടുത്ത യോഗം ചേരേണ്ട തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.
കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ഭരണകൂടം ലക്ഷ്യമിടുന്നുണ്ടെന്ന് നിർമാതാക്കളായ ആപ്പിൾ കമ്പനിയിൽനിന്ന് നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ജാഗ്രത സന്ദേശം ലഭിച്ചു. അവർ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ആരോപണം സർക്കാർ നിഷേധിക്കുകയുമ ചെയ്തിരുന്നു.
ഇസ്രായേൽ നിർമിത ചാരവൃത്തി സോഫ്ട്വെയറായ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ, ഭരണകൂട നിരീക്ഷണം തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ആപ്പിളിന്റെ ജാഗ്രത നിർദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശശി തരൂർ, മഹുവ മൊയ്ത്ര, രാഘവ് ഛദ്ദ, പ്രിയങ്ക ചതുർവേദി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കാണ് ആപ്പിളിന്റെ ജാഗ്രത സന്ദേശം ലഭിച്ചത്.
മൗലികാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി എം.പിമാരും മറ്റു നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന തങ്ങൾക്ക് ഫോൺ കമ്പനിയിൽനിന്ന് ലഭിച്ച സന്ദേശം അങ്ങേയറ്റം അസ്വസ്ഥ ജനകമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് അന്വേഷണം നടത്താനുള്ള തീരുമാനം ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
എല്ലാ പൗരന്മാരുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള ചുമതല സർക്കാർ ഏറ്റെടുക്കുന്നതായി അശ്വനി വൈഷ്ണവ് പറഞ്ഞു. അന്വേഷണത്തിൽ പങ്കുചേരാൻ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക മികവുള്ള ഏജൻസിയായ സെർട്ട്-ഇൻ ആണ് അന്വേഷണം നടത്തുക. രാജ്യം പുരോഗതി നേടുന്നത് സഹിക്കാൻ കഴിയാതെ ശ്രദ്ധതിരിക്കൽ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.