പ്രതിശ്രുത വധുവുമായി ഓപറേഷൻ തിയറ്ററിൽ ഫോട്ടോഷൂട്ട്; യുവ ഡോക്ടറുടെ ജോലി തെറിച്ചു
text_fields
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടർക്ക് ജോലി നഷ്ടപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്.
ചിത്രീകരണത്തിനായി ഇവർ മെഡിക്കൽ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു. കൂടാതെ കാമറാമാനും സാങ്കേതിക ജോലിക്കാരെയും ഇവർ ഏർപ്പാടാക്കിയിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഒരു മാസം മുമ്പ് നാഷണൽ മെഡിക്കൽ ഓഫീസറായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടതെന്ന് ചിത്രദുർഗ ജില്ലാ ആരോഗ്യ ഓഫീസർ രേണു പ്രസാദ് പറഞ്ഞു.
അതിനിടെ, ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല. ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും സർക്കാർ സർവീസ് ചട്ടങ്ങൾക്കനുസൃതമായി ജോലി നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.