'പിക്ചർ അഭി ബാകി ഹേ മേരേ ദോസ്ത്'; എസ്.ആർ.കെ ഡയലോഗുമായി ആര്യന് ജാമ്യം ലഭിച്ചതിന് പിന്നാലെ നവാബ് മാലിക്
text_fieldsമുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ 'കിങ് ഖാന്‍റെ' ഡയലോഗുമായി മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ഓം ശാന്തി ഓമിലെ 'പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്' (സിനിമ ഇനിയും തീർന്നിട്ടില്ല സുഹൃത്തേ) എന്ന വാക്യമായിരുന്നു മാലിക്കിന്‍റെ ട്വീറ്റ്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു മഹാരാഷ്ട്ര മന്ത്രിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്.
ആര്യൻ ഖാനും സുഹൃത്ത് അർബാസ് മെർച്ചന്‍റിനും മൂൺമൂൺ ധമേച്ചക്കുമെതിരായത് തട്ടിപ്പ് കേസാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
20 ദിവസത്തിന് ശേഷമാണ് ആര്യൻ ഖാന് കേസിൽ ജാമ്യം ലഭിക്കുന്നത്. ആര്യനെ അറസ്റ്റ് ചെയ്ത എൻ.സി.ബി സംഘത്തിന്‍റെ തലവനായ സമീർ വാങ്കഡെക്കെതിരെ നിരവധി ആരോപണങ്ങളുമായി മാലിക് രംഗത്തെത്തിയിരുന്നു. വാങ്കഡെക്ക് അന്താരാഷ്്ട്ര മയക്കുമരുന്ന് മാഫികളുമായി ബന്ധമുണ്ടെന്നും ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനാണ് ഇയാളുടെ നീക്കമെന്നും മാലിക് ആരോപിച്ചിരുന്നു. കൂടാതെ വ്യാജ ജാതി സർട്ടിഫിക്കറ്റ് നേടിയാണ് വാങ്കഡെ ജോലിയിൽ പ്രവേശിച്ചതെന്നും ആരോപണമുയർത്തിയിരുന്നു. ജനന സർട്ടിഫിക്കറ്റും വിവാഹ ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു മാലികിന്‍റെ വിമർശനം.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ദീപിക പദുക്കോൺ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളിൽനിന്ന് സമീർ വാങ്കഡെ പണം വാങ്ങിയെന്നും മാലിക് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.