യേശു ക്രിസ്തുവിന്‍റെ ചിത്രം വീട്ടിലുള്ളത് കൊണ്ട് മാത്രം ഒരാൾ മതപരിവർത്തനം നടത്തിയെന്ന് പറയാനാകില്ല - ബോംബെ ഹൈകോടതി
text_fieldsന്യൂഡൽഹി: യേശു ക്രിസ്തുവിന്‍റെ ചിത്രം വീട്ടിലുള്ളത് കൊണ്ട് മാത്രം അയാൾ മതപരിവർത്തനം നടത്തിയെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച്. താൻ പട്ടികജാതി വിഭാഗത്തിൽ നിന്നാണെന്ന വാദം തള്ളിയ ജില്ലാ ജാതി സൂക്ഷ്മപരിശോധന സമിതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. പിതാവിന്‍റെ സഹായത്തോടെയാണ് കുട്ടി കോടതിയെ സമീപിച്ചത്.
കുട്ടി പറനാവശ്യങ്ങൾക്കായി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ബുദ്ധമതത്തിലെ പട്ടികജാതി വിഭാഗമായ മഹർ വിഭാഗക്കാരിയാണ് താനെന്ന് കുട്ടി അധികാരികളെ ബോധിപ്പിച്ചിരുന്നു. പിന്നാലെ വിജിലൻസ് സെൽ വീട്ടിൽ സന്ദർശനത്തിനെത്തിയ സമയത്ത് ക്രിസ്തുവിന്‍റെ ഫോട്ടോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന ആരോപണവുമായി സമിതി രംഗത്തെത്തുന്നത്.
ജസ്റ്റിസുമാരായ പ്രഥ്വിരാജ് കെ ചവാൻ, ഊർമിള ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ ചിത്രം തങ്ങൾക്ക് സമ്മാനമായി ലഭിച്ചതാണെന്നും അതിനാലാണ് ഫോട്ടോ സൂക്ഷിച്ചിരിക്കുന്നതെന്നും കുട്ടി കോടതിയോട് പറഞ്ഞു.
ഒരു വീട്ടിൽ ക്രിസ്തുവിന്‍റെ ഫോട്ടോ ഉള്ളത്കൊണ്ട് മാത്രം അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ പിതാവോ മറ്റ് പൂർവികരോ ക്രിസ്തുമതത്തിൽ പെട്ടവരാണെന്ന് തെളിയിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും ഹരജിക്കാരിയുടെ കുടുംബം പരമ്പരാഗതമായി തൊഴിലാളികളാണെന്നും ഇവരുടെ കുടുംബത്തിലെ വിവാഹങ്ങളെല്ലാം നടന്നത് ബുദ്ധ മതവിശ്വാസ പ്രകാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.