കർണാടകയിൽ കോവിഡ് ആശുപത്രിയിൽ പന്നികൾ വിലസുന്നു; അലംഭാവമെന്ന് പ്രതിപക്ഷം
text_fieldsബംഗളൂരു: കർണാടകയിൽ ശുചിത്വമില്ലാതെ കോവിഡ് ആശുപത്രികൾ. കലബുറഗിയിലെ കോവിഡ് ആശുപത്രിയിൽ പന്നികൾ കൂട്ടമായി വിലസുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ദയനീയാവസ്ഥ പുറംലോകം അറിയുന്നത്.
കോവിഡ് ആശുപത്രിയുടെ വരാന്തയിലൂടെ പന്നികൾ കൂട്ടമായി നടക്കുന്നതാണ് വിഡിയോ. ആശുപത്രി മാലിന്യം തിന്നുന്നതിനാണ് പന്നികൾ ഇവിടേക്കെത്തുന്നത്. ഇത് കോവിഡ് 19െൻറ വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയും ഉയർത്തുന്നു. അതേസമയം പന്നികൾ കൂട്ടമായി ആശുപത്രിയിലൂടെ നടന്നിട്ടും ആരോഗ്യ പ്രവർത്തകരോ മാനേജ്മെേൻറാ വൃത്തിയില്ലായ്മ ഉയർത്തുന്ന പ്രശ്നങ്ങൾ കാര്യമായെടുക്കുന്നില്ലെന്നാണ് വിവരം.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി നടത്തിപ്പിെൻറ അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അവർ ആരോപിച്ചു. തുടർന്ന് കർണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമലു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.
കലബുറഗിയിൽ ഇതുവരെ 2674 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിച്ചതും കലബുറഗിയിലായിരുന്നു. ശനിയാഴ്ച കർണാടകയിൽ 4537 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 59,652 ആയി.
ദൈവത്തിന് മാത്രമേ കോവിഡ് മഹാമാരിയിൽനിന്ന് ഇനി രക്ഷിക്കാൻ സാധിക്കൂവെന്ന പ്രസ്താവന കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നടത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ് രംഗത്തെത്തി. യെദ്യൂരപ്പ സർക്കാരിെൻറ കോവിഡ് 19 കൈകാര്യം ചെയ്യുന്നതിലെ അലംഭാവമാണ് ഇപ്പോൾ പുറത്തുവന്നതെന്നായിരുന്നു അവരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.